റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകള്‍ ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കും. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. 50 കോടി ഉപഭോക്താക്കള്‍ എന്ന വലിയ കടമ്പ ജിയോ കുടുംബം പിന്നിട്ടെന്നും മുകേഷ് അംബാനി പ്രതികരിച്ചു. 2016ല്‍ ആരംഭിച്ച ജിയോ 2024-25ല്‍ സാമ്പത്തിക വര്‍ഷത്തില്‍ 64,170 കോടി രൂപയുടെ ലാഭമാണ് ജിയോയ്ക്ക് ഉണ്ടായത്. ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് റിലയന്‍സ് ജിയോ പദ്ധതിയിടുന്നത്. ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയാണ് ഇതിന് മുന്‍പ് ഐപിഒയിലൂടെ സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുക.