വയനാട് ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് ‘അഡിഗോസ് അമിഗോ’യുടെ നിര്‍മ്മാതാവ്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഓഗസ്റ്റ് 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ ആണ് അറിയിച്ചിരിക്കുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ആയിരുന്ന നഹാസ് നാസറിന്റെ സംവിധാന അരങ്ങേറ്റമാണ് ‘അഡിയോസ് അമിഗോ’. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് ‘അഡിയോസ് അമിഗോ’. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.