voting 1 1

ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവ്, ജോലി ഭാരം എന്നിവയെക്കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍ തുരങ്ക പാതയുടെ രൂപരേഖയ്ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നേരത്തെ കരയിലൂടെയുള്ള റെയില്‍ പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു. തുരങ്ക പാതയാക്കിയുള്ള രൂപരേഖയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം അടക്കമുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്നതടക്കമുള്ള ചോദ്യങ്ങളുമായാണ് തുരങ്കപാതയുടെ രൂപരേഖ തിരിച്ചയച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് മത്സര രംഗത്തുള്ളത്. ഖാര്‍ഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പില്‍ മത്സരം മുറുകി. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാണ് തരൂരിന്റെ പ്രചാരണം.

നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുകെയില്‍. നാളെ ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വടക്കാഞ്ചേരി അപകട കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിനു വേഗത നിയന്ത്രിക്കാനാകാതെ പിറകല്‍ ഇടിക്കുകയായിരുന്നു. ടൂറിസ്റ്റ്ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. ട്രാഫിക് ചട്ടങ്ങളും മോട്ടോര്‍ വാഹനനിയമങ്ങളും ലംഘിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോെന കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. വടക്കഞ്ചേരി സ്റ്റേഷനില്‍ ജോമോന്‍ ഹാജരായിരുന്നു. ചികിത്സക്കായി ആശുപത്രിയിലേക്ക് അയച്ച പോലീസ് അയാളെ നിരീക്ഷിച്ചില്ല. അതുകൊണ്ടാണ് ജോമോന്‍ മുങ്ങിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

പഴം ഇറക്കുമതിയുടെ മറവില്‍ 1978 കോടി രൂപയുടെ മയക്കുമരുന്നു കടത്തിയ കേസിലെ പ്രതി വിജിന്‍ ഗ്രീന്‍ ആപ്പിള്‍ പെട്ടികളില്‍ 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ന്‍ കടത്തിയ കേസിലും അറസ്റ്റിലായി. ഒക്ടോബര്‍ അഞ്ചിന് പിടികൂടിയ ഈ കേസില്‍ മന്‍സൂറും പ്രതിയാണെന്ന് ഡിആര്‍ഐ.

വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ചിറമംഗലത്തുനിന്ന് താനൂര്‍ സ്വദേശി ഇസ്ഹാഖിനെ (30) യാണ് തട്ടിക്കൊണ്ടുപോയത്. നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം ഫോര്‍ച്യുണര്‍ കാറിലാണു തട്ടിക്കൊണ്ടുപോയത്. തിരുവമ്പാടി പുല്ലൂരാംപാറ ഷാന്‍ഫാരി(29), താനൂര്‍ തഫ്‌സീര്‍ (27), താമശ്ശേരി മുഹമ്മദ് നജാദ് (28), കൊടുവള്ളി മുഹമ്മദ് ആരിഫ്(28), പുല്ലൂരാംപാറ മടമ്പാട്ട് ജിതിന്‍ (38), താമരശ്ശേരി ഷാഹിദ് (36), തിരുവമ്പാടി ജസിം (27), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സിപിഎം സമ്മേളനം നടത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം നന്നാക്കിയെടുക്കുകയാണ് സിപിഎം ചെയ്തതെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മലിനമാക്കിയ സ്റ്റേഡിയം ശുചീകരിക്കാന്‍ 25,000 രൂപ സിപിഎമ്മിന് പിഴ ചുമത്തിയതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും സ്റ്റേഡിയം നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്. ഹരീഷിന്റെ ‘മീശ’ നോവിലിന് വയലാര്‍ അവാര്‍ഡ്. ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *