ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി മാറിയ ‘ആര്‍ഡിഎക്സ്’ ഒടുവില്‍ വെറും ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ആര്‍ഡിഎക്സിന്റെ മുന്നേറ്റം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ആദ്യം നിരവധി ട്രോളുകള്‍ ലഭിച്ച ആര്‍ഡിഎക്സിന് നിലവില്‍ നല്ല അഭിപ്രായം ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ് ചിത്രം. ആര്‍ഡിഎക്സിന്റെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.