എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊളിറ്റ് ബ്യൂറോയില്‍ അങ്ങനെയൊര ചര്‍ച്ചയും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. എന്നാല്‍ കേരളത്തിലെ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവില്‍ അപടകത്തില്‍പ്പെട്ടു. ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ് മൈസൂരിനടുത്ത് കടഗോളയിലാണ് അപകടമുണ്ടായത്. ആര്‍ക്കും ഗുരുതരമായ പരിക്കില്ല. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്. യാത്രക്കിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
മലയോര ഹൈവേ പണികള്‍ക്കായി മാനന്തവാടി ടൗണില്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എരുമത്തെരുവില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള റോഡിന്റെ ഇടതുവശത്ത് ഓവുചാലിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ചുരുക്കം ചില സ്ഥലങ്ങളില്‍ ഓവുചാലിനായി കുഴിയെടുക്കാനുണ്ട്.
മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ഡിസംബര്‍ 31 നു രാവിലെ മുതലേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കൂ. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ 41,225 പേര്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാന്‍ ചില നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ സുധാകരന്‍ തള്ളി. പ്രസിഡന്റായി തുടരുമെന്ന പ്രഖ്യാപനം വൈകുന്നതില്‍ സുധാകരന് അതൃപ്തിയുണ്ട്. അനാരോഗ്യം ആരോപിച്ചതില്‍ കഴമ്പില്ലെന്നു കാണിക്കാന്‍ സുധാകരന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ സുധാകരന്‍തന്നെ പോസ്റ്റു ചെയ്തിരുന്നു.
മണല്‍ മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയ രണ്ടു പോലീസ് എസ്‌ഐമാര്‍ക്കു സസ്‌പെന്‍ഷന്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജോയി മത്തായി, അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ സസ്‌പെന്‍ഡു ചെയ്തത്. ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്‌മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.
അട്ടപ്പാടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ എഐവൈഎഫ് നേതാവിനെ കൈയേറ്റം ചെയ്ത കേസില്‍ അറസ്റ്റിലായി. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ രാജ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്നലെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഭൂതുവഴി സ്വദേശിയായ അലിഅക്ബറിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
എട്ടു ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വിദേശത്ത് നിന്നു സ്വര്‍ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. വയനാട് സ്വദേശി സുബൈറിനായി കൊണ്ടുവന്ന സ്വര്‍മാണ് 22 നു തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തുനിന്ന് ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടില്‍ ശരത് (26), തൈപ്പറമ്പില്‍ വീട്ടില്‍ ജസ്റ്റിന്‍ (24) എന്നിവരെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിഖില്‍ദാസ്, ഗോകുല്‍ എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കേരളാ സര്‍ക്കിള്‍ പരിധിയിലെ 1250 ക്ലര്‍ക്കുമാരെ മാര്‍ക്കറ്റിംഗ് ജോലിയിലേക്കു മാറ്റിയതിനെതിരെ പ്രതിഷേധം. തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് നടപടി. ഇത്രയും പേര്‍ മാര്‍ക്കറ്റിംഗിലേക്കു മാറിയാല്‍ സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് തൊളിലാളി സംഘടനകളുടെ ആരോപണം.
മഞ്ഞുവീഴ്ചമൂലം കൂടുതല്‍ ആളപായമുണ്ടായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ. വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.