റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഡിസംബര്‍ 23 നകം കൊടുക്കണമെന്ന് ഹൈക്കോടതി. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണ കമ്മീഷന്‍ അടക്കം നല്‍കണം. കുടിശിക തീര്‍ക്കാന്‍ വൈകിയാല്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍ ഹാജരാകേണ്ടി വരും. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. റേഷന്‍ വ്യാപാരികള്‍ നല്‍കിയ കോടതിലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
സുപ്രീം കോടതിപോലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പമാണെന്നു പ്രസ്താവിച്ചതിനു മന്ത്രി ആര്‍. ബിന്ദുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നല്‍കിയത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍. വിസി നിയമനം നേരത്തെ കോടതിതന്നെ ശരിവച്ചതാണെന്നും വാദിച്ചു.
പ്രളയകാലത്ത് സംസ്ഥാനത്തു സൗജന്യമായി വിതരണം ചെയ്ത അരിയുടെ പണമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ബലം പ്രയോഗിച്ചു വാങ്ങിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പി രാജീവ്. 205.81 കോടി രൂപ അടച്ചില്ലെങ്കില്‍ കേരളത്തിനു നല്‍കേണ്ട ഭക്ഷ്യ സബ്‌സിഡിയില്‍നിന്ന് പിടിക്കുമെന്നാണ് കേന്ദ്രം മുന്നറിയിപ്പു നല്‍കിയത്.
ശശി തരൂര്‍ ദേശീയ പ്രസിഡന്റായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നാളെ കൊച്ചിയില്‍ നടത്തുന്ന കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഉദ്ഘാടന പപരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് നേരിട്ടു പങ്കെടുക്കാത്തതെന്ന് സുധാകരന്‍.
കോണ്‍ഗ്രസില്‍ എല്ലാവരും തുല്യരാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടെന്നും ചെന്നിത്തല.
നെടുമങ്ങാട് ആനാട് സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ സുനിതയുടേതുതന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളും മക്കളുടെ രക്ത സാമ്പിളും പരിശോധിച്ചണ് ഇക്കാര്യം ഉറപ്പാക്കിയത്. ഒമ്പതു വര്‍ഷത്തിനുശേഷമാണ് പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയത്.
കേരളത്തില്‍ ജോണ്‍ ജോണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ജനതാദള്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കും. ഡിസംബര്‍ 15 നു കൊച്ചിയിലാണ് ലയനം. കേരളത്തിലെ എല്‍ജെഡി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പോയപ്പോള്‍ വിയോജിച്ച് വിഭാഗമാണ് ആര്‍ജെഡിയില്‍ ലയിക്കുന്നത്.
ഗായകന്‍ ശ്രീനാഥ് ശിവശങ്കരനും സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയും തമ്മില്‍ കൊച്ചിയില്‍ വിവാഹിതരായി. ഫാഷന്‍ സ്‌റ്റൈലിസ്റ്റാണ് അശ്വതി.
വിശാഖപ്പട്ടണത്തുനിന്ന് ചെന്നൈ – തിരുവനന്തപുരം മെയിലില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന പത്തേകാല്‍ കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെ എക്‌സൈസ് പിടികൂടി. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവിംഗ്സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്.
കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിനു നേരെ മധ്യപ്രദേശിലെ ജബല്‍പൂര്‍ -റീവ ദേശിയപാതയില്‍ വെടിവയ്പ്. ഫറോക്കില്‍ ട്രെയിനിടിച്ചു മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു പോകവേയാണ് ആക്രണമുണ്ടാത്. ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നതായും പോലീസില്‍ പരാതിപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഫഹദ് പറഞ്ഞു.
ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍പ്പിച്ച കുറ്റപത്രത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പടെ ഏഴ് പേരെ പ്രതി ചേര്‍ത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിര്‍മിക്കുമെന്നും ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ബിജെപി ഗുജറാത്ത് നിയമസഭാ പ്രകടന പത്രികയില്‍. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന വാഗ്ദാനവുമുണ്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് സച്ചിന്‍ പൈലറ്റ് എഐസിസിയോട് ആവശ്യപ്പെട്ടു. താന്‍ ചതിയനാണെന്നും ബിജെപിയില്‍നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയെന്നും മുഖ്യമന്ത്രി ഗെഹ്ലോട്ട് ആരോപിച്ചതില്‍ സച്ചിന്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇരുകൂട്ടരുമായി എഐസിസി നേതാക്കള്‍ ചര്‍ച്ച നടത്തും.
പിഎസ്എല്‍വി സി 54 ദൗത്യം വിജയം. ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍ സാറ്റ് 3 യും മറ്റ് എട്ടു നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളില്‍ എത്തി. ഭൂട്ടാന്റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ തമിഴ്‌നാട്ടില്‍ കര്‍ഷകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ 85 കാരനായ തങ്കവേലാണ് ഡിഎംകെ ഓഫീസിനു മുന്നില്‍ ജീവനൊടുക്കിയത്.
മുതിര്‍ന്ന സിനിമ, സീരിയല്‍ നടന്‍ വിക്രം ഗോഖലെ പൂനെയില്‍ അന്തരിച്ചു. 77 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു
റെയില്‍വേ യാഡില്‍ തുരങ്കമുണ്ടാക്കി ട്രെയിന്‍ എന്‍ജിന്‍ മോഷ്ടിച്ച മൂന്നു പേര്‍ അറസ്റ്റില്‍. ബീഹാറിലെ ബെഗുസരായ് ജില്ലയിലെ റെയില്‍വേ യാര്‍ഡിലാണു സംഭവം. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്റെ വിവിധ ഭാഗങ്ങള്‍ മോഷ്ടിച്ച് തുരങ്കത്തിലൂടെ കടത്തുകയായിരുന്നു. അനേകം ദിവസങ്ങളിലായാണ് തുരങ്കത്തിലൂടെ എന്‍ജിന്‍ ഭാഗങ്ങള്‍ ഓരോന്നായി കടത്തിക്കൊണ്ടുപോയത്. എഞ്ചിന്‍ പൂര്‍ണമായും അപ്രത്യക്ഷമായപ്പോഴാണ് റെയില്‍വേ അധികൃതര്‍ മോഷണ വിവരം മനസിലായുള്ളൂ. ആക്രിക്കടയില്‍നിന്നും 13 ചാക്ക് നിറയെ എഞ്ചിന്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.
സൗദി അറേബ്യയില്‍ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ കഴിഞ്ഞ മാസം 138 പേരെ അറസ്റ്റ് ചെയ്തു. 308 പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.