night news 4

തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി. നേരത്തെയുള്ള വൈരാഗ്യമാണോ കൊലയ്ക്കു കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമാകൂ. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള കേസില്‍ ഈ പരാമര്‍ശം നടത്തിയത്.

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ ഭരണസ്തംഭനംമൂലം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍നല്‍കിയില്ലെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി. 2022 ല്‍ വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പോര്‍ട്ടലില്‍നിന്നു പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയെന്ന് വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബിടെക് പരീക്ഷയില്‍ 13,025 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയെന്നാണു വിശദീകരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാളെ പിജി ഡോക്ടര്‍മാരുടെ സമരം. മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെ സമരം നടത്തുന്നത്. ഒ പി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല.

നിയമനക്കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സമരവും പ്രതിഷേധവും തടയാനാവില്ലെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമരക്കാര്‍ മേയറുടെ ഓഫീസ് പ്രവര്‍ത്തനം തടഞ്ഞെന്നും  പൊതുമുതല്‍ നശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ കാര്യങ്ങള്‍ക്കു വേറെ ഹര്‍ജി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

നിയമന ശുപാര്‍ശ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. കത്തെഴുതാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ലെറ്റര്‍പാഡ് ആരോ അപഹരിച്ച് ദുരുപയോഗിച്ചെന്നുമാണ് മൊഴി. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ശുപാര്‍ശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. 59 വയസായിരുന്നു. ഭാര്യ നാട്ടില്‍ പോയിരുന്നു. ഫോണില്‍  കിട്ടാതായപ്പോള്‍ പോലീസിനെ അറിയിച്ചു. പൊലീസെത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നാണ് അകത്തു കടന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. കേരള സാഹിത്യ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, ഭാരത് ഭവന്‍ ഭരണസമിതി അംഗമായിരുന്നു. ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ടൂറിസം, വ്യവസായ വളര്‍ച്ചയെ ചൊല്ലി സംവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ആഭ്യന്തര വരുമാനത്തിന്റെ പത്തു ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയില്‍ നിന്നാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യവും ലോട്ടറിയും വിറ്റാണ് കേരളം വരുമാനമുണ്ടാക്കുന്നതെന്ന ആരോപണത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റം വ്യവസായ -നിക്ഷേപങ്ങള്‍കൊണ്ടാണെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത വ്യവസായ സൗഹാര്‍ദ അന്തരീക്ഷം അവിടെയുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂര്‍ എംപിയും തൊട്ടരികിലാണ് ഇരുന്നതെങ്കിലും പരസ്പരം സംസാരിച്ചതുപോലുമില്ല.

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിനു പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പാകിസ്ഥാന്‍ കോടതി തള്ളി. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ചത്. 8,640 കിലോമീറ്റര്‍ 280 ദിവസം നടന്ന് അടുത്ത വര്‍ഷം മക്കയില്‍ എത്താനായിരുന്നു പരിപാടി. പൂര്‍ത്തിയാക്കി ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വാഗാ അതിര്‍ത്തിയില്‍ യാത്ര തടസപ്പെട്ട നിലയിലാണ്.

‘എന്റെ ഉസ്താദിന് ഒരു വീട്’ ഭവന പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘം മഞ്ചേരിയില്‍ പിടിയില്‍. ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്തെന്നാണ് പോലീസ് പറയുന്നത്. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന്‍, പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. 58.5 ലക്ഷം രൂപയും ഇവരില്‍നിന്നു പിടിച്ചെടുത്തു.

പത്തനംതിട്ടയില്‍ റവന്യു വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമന ഉത്തരവ് കൈമാറിയതില്‍ കൂടുതല്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ശേഷമാണ് അടൂര്‍ തഹസില്‍ദാര്‍ക്ക് നിയമന ഉത്തരവിന്റെ പകര്‍പ്പു കിട്ടിയത്. ശിരസ്തദാറിന്റെ നിര്‍ദേശ പ്രകാരമാണ് തഹസില്‍ദാര്‍ ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചത്. എല്‍ഡി ക്ലര്‍ക്ക് നിയമനം കിട്ടിയ 25 പേരുടെ പട്ടികയിലെ രണ്ടു പേരും അടൂര്‍ താലൂക്ക് ഓഫീസിലാണ് ജോലിയില്‍ പ്രവേശിച്ചത്.

വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കിയിരുന്നെങ്കില്‍ പാല്‍ വില വര്‍ധന ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രി പൂജ നടത്തിയ പൂജാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പൂജാരിയില്‍നിന്ന് എയര്‍ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി. പൂജാരി മുള്ളൂര്‍ക്കര സ്വദേശി സതീശനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലേലത്തില്‍ വാങ്ങിയ ഭൂമിയുടെ ദോഷം തീര്‍ക്കാനാണു പൂജ നടത്തിയതെന്നാണ് സതീശന്‍ പറഞ്ഞത്.

സീറോ മലബാര്‍ സഭ അങ്കമാലി അതിരൂതയിലെ കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ മെത്രാന്മാരുടെ സമിതി. ആര്‍ച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരങ്ങുന്നതാണ് കമ്മിറ്റി.
എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായി ഈ സമിതി ചര്‍ച്ച നടത്തും.

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ സി ബിജുവിനെതിരെ പോലീസ് കേസെടത്തു. മലപ്പുറത്താണു സംഭവം. ബിജു ഒളിവിലാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്വാമി സന്ദീപാനന്ദഗിരിയും തമ്മില്‍ ഫേസ് ബുക്കില്‍ പോര്. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി ഉദ്ഘാടനത്തിനിടെ ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സന്ദീപാനന്ദഗിരിയാണ് ആദ്യം പോസ്റ്റു ചെയ്തത്. ‘സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്‌നേഹം നീക്കീടു,മോര്‍ക്ക നീ”എന്ന കുറിപ്പോടെയാണു പോസ്റ്റിട്ടത്. കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ: ‘പൊതുചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ….. ഉദരനിമിത്തം ബഹുകൃതവേഷം.’ എന്നാണു സുരന്ദ്രന്‍ പരിഹസിച്ചത്.

മൈക്രോഫിനാന്‍സ് പണമിടപാട് സ്ഥാപനത്തില്‍നിന്ന് എടുത്ത വായ്പത്തുക തിരിച്ചടച്ചിട്ടും ബാധ്യത പട്ടികയില്‍ നിന്ന് ഒഴിവാക്കാത്തതിനെതിരേ പൊലീസില്‍ പരാതി. പുന്നപ്രയിലെ ആശീര്‍വാദ് മൈക്രോഫിനാന്‍സിനെതിരെയാണ് പുന്നപ്ര സ്വദേശിനി പരാതി നല്‍കിയത്. പത്തുപേരടങ്ങുന്ന സ്ത്രീകളുടെ ഗ്രൂപ്പിന് 2016 ല്‍ ഒന്നരലക്ഷം രൂപ വായ്പയായി നല്‍കിയിരുന്നു. തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവാക്കിയില്ലെന്നാണു പരാതി.

വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച നേമം സ്വദേശി ശ്രീജിത്തിനെ അറസ്റ്റു ചെയ്തു. ബൈക്കിലെത്തിയ ഇയാള്‍ സ്ത്രീയെ തള്ളിയിടുകയായിരുന്നു.

ഡല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ക്കു പ്രവേശനത്തിനു നിയന്ത്രണം. സ്ത്രീകള്‍ കുടുംബത്തിലെ പുരുഷന്റെ കൂടെ മാത്രമേ പള്ളിയിലേക്കു പ്രവേശിക്കാവൂവെന്നാണ് മസ്ജിദ് മാനേജുമെന്റ് കമ്മിറ്റി നോട്ടീസിട്ടിരിക്കുന്നത്. സ്ത്രീകള്‍ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തില്‍ പ്രവേശിക്കുന്നതു വിലക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും സച്ചിന്‍ പൈലറ്റിന് അവസരം നല്‍കില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്ന് ഗെലോട്ട് ചോദിച്ചു. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് എംഎല്‍എമാര്‍ പറയുന്നതെന്നും ഗലോട്ട് പറഞ്ഞു.

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധിച്ചതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍. റിസര്‍വ്വ് ബാങ്ക് ചട്ടമനുസരിച്ച് നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളു. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ നിയമമില്ല. നോട്ടു നിരോധിക്കാന്‍ ആദ്യം ശുപാര്‍ശ നല്‌കേണ്ടത് റിസര്‍വ് ബാങ്കാണ്. നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ മൗലികാവകാശത്തില്‍ കടന്നുകയറ്റം നടത്തിയെന്നും ചിദംബരം ആരോപിച്ചു.

കനത്ത മഴയില്‍ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. നിരവധിയാളുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വിമാനസര്‍വീസുകളെയും ബാധിച്ചു. പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *