night news hd

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറെയും ഒരു പോലെ എതിര്‍ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി. ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയില്‍ ആര്‍ക്കും വിലക്കില്ല. ശശി തരൂരിനെ ഒറ്റപ്പെടുത്തരുത്. തരൂരിന്റെ ജനപ്രീതി പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തണം. പരിപാടികള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്കു കൈയോടെ മറുപടി നല്‍കിയതിനു ലീഗ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിമര്‍ശനമുണ്ടായി.

മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാതച്ചുഴിയായി. കേരളത്തില്‍ ചൊവ്വാഴ്ചവരെ മഴ തുടരും. ചക്രവാതചുഴി വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലാണ്. ചൊവ്വാഴ്ചത്തോടെ വടക്കന്‍ കേരള – കര്‍ണാടക  തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകും.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കു കുടുതലുള്ള ദിവസങ്ങളില്‍ നടയടയ്ക്കുന്നത് അര മണിക്കൂര്‍ നീട്ടി. 11.30 നേ ഹരിവരാസനം പാടി നടയടയ്ക്കു. തിരക്കില്ലാത്ത ദിവസങ്ങളില്‍ 11 നുതന്നെ നടയടയ്ക്കും. ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരുന്നത്. ദിവസം 85,000 പേര്‍ക്കേ ദര്‍ശനം അനുവദിക്കാവൂവെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീര്‍ത്ഥാടകരുടെ ബാഹുല്യം തിരിച്ചറിയാന്‍ കഴിയാത്തത്  ഗുരുതരമായ വീഴ്ചയാണ്. പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അലംഭാവം കാട്ടി. മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ ചുമതല നല്‍കണം.  അദ്ദേഹം പറഞ്ഞു.

രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന എംവി ഗോവിന്ദന്‍ ലീഗിനെ ഇടതു മുന്നണിയിലെടുക്കാന്‍  ഗൂഢാലോചനയിലാണ്. സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.  യുഡിഎഫിലെ മതനിരപേക്ഷ നിലപാടുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫില്‍ അസംതൃപ്തിയുള്ള വ്യക്തികള്‍ ഇടതുപക്ഷത്തേക്ക് വരുമെന്നും റിയാസ്.

മൂന്നാര്‍ ഇക്കാനഗറിലെ കെഎസ്ഇബിയുടെ ഭൂമിയെന്ന് അവകാശപ്പെടുന്ന സര്‍വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളക്കണമെന്നു ഹൈക്കോടതി. നാലു തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കെഎസ്ഇബിയുടെ  നീക്കം കോടതി തടഞ്ഞു.

ശശി തരൂരര്‍ കോണ്‍ഗ്രസിനു മുതല്‍കൂട്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിനു വിലക്കില്ല. തരൂര്‍ അടക്കം എല്ലാവര്‍ക്കും പാര്‍ട്ടി ചട്ടക്കൂട് ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു.

അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയായ സ്ത്രീയെ തുണിമഞ്ചലില്‍ ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിവന്ന ദുരവസ്ഥയ്ക്കു കാരണക്കാരായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ചെന്നിത്തല പറഞ്ഞു.

താന്‍ ആള്‍ദൈവമല്ലെന്നും മന്ത്രവാദത്തിനും പൂജയ്ക്കും ഇടയില്‍ 55 പവന്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റാണെന്നും ആരോപണ വിധേയയായ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി വിദ്യ. സ്വര്‍ണം പണയംവയ്ക്കാന്‍ തന്നെ ഏല്‍പിച്ചതാണ്. ക്ഷേത്രത്തിലെ കടബാധ്യത തീര്‍ക്കാനാണ് സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതെന്നും വിദ്യ പറയുന്നു. പകുതി സ്വര്‍ണം തിരിച്ചു നല്‍കിയെന്നും ശേഷിച്ചത് 21 നു തിരിച്ചുകൊടുക്കുമെന്നും പോലീസില്‍ അറിയിച്ചിട്ടുണ്ടെന്നു വിദ്യ പറഞ്ഞു.

ട്രെയിനില്‍ 25 ലക്ഷം രൂപയുമായി യാത്രക്കാരന്‍ പിടിയില്‍. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാരനായ വേങ്ങര സ്വദേശി മുഹമ്മദിനെയാണ് പണവുമായി പിടികൂടിയത്.

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ നല്‍കി 75 ദിവസത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപാനം പുറത്തിറക്കിയത്.

ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്. സുപ്രീംകോടതി കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ലമെന്റില്‍ സ്വകാര്യബില്ലായി എത്തിയ ഏകീകൃത സിവില്‍കോഡ് സര്‍ക്കാര്‍ ബില്ലാക്കിത്തന്നെ അവതരിപ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി എകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ടെസ്റ്റ് ഡോസിനു സമാനമായ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണു വിവരം. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണു സൂചന.

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പാര്‍ലമെന്റ് പുനര്‍നിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പതിനെട്ടു വയസു തികയാത്തവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകള്‍ ജഡ്ജിമാര്‍ക്കു മുന്നിലെത്തുമ്പോള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിയമഭേദഗതിക്കുള്ള ഒരുക്കത്തിലാണു നിയമമന്ത്രാലയം.

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും ബിജെപിയിലേക്കു കൂറുമാറിയേക്കും. ബിജെപി നേതൃത്വവുമായി ഇവര്‍ പലതവണ ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. വിശ്വദര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച ഭൂപത് ഭയാനി ഇന്നോ നാളെയോ ബിജെപിയില്‍ ചേരുമെന്നാണു വിവരം.

നടന്‍ ശരത്കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നാണ് ഭാര്യയും നടിയുമായ രാധികയും മകള്‍ വരലക്ഷ്മിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’. പേരുമാറ്റത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *