night news hd

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി.വാടക 5,500 രൂപ സര്‍ക്കാര്‍ നല്‍കും. അദാനി വാഗ്ദാനം ചെയ്ത 2,500 രൂപ സമരസമിതി വേണ്ടെന്നു പറഞ്ഞു. ജോലിക്കു പോകാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു.

വിഴിഞ്ഞം പദ്ധതിക്കെതിരേ സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല. ആ ഒരൊറ്റ ആവശ്യം അംഗീകരിക്കില്ല. സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികളെ പ്രകോപിതരാക്കാതേയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. വിഴിഞ്ഞ പദ്ധതിയുടെ 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി ഇതുവരെ നടപ്പാക്കിയില്ലെന്ന ആരോപണം ശരിയല്ല. ഒരു ഉത്തരവില്‍ അങ്ങനെയൊരു വാക്ക് എഴുതിവച്ചാല്‍ അത്രയും തുകയുടെ പാക്കേജാവില്ല. തുക വകയിരുത്തണം. ബജറ്റില്‍ ഉള്‍പെടുത്തണം. അതൊന്നും ഇല്ല. മുഖ്യമന്ത്രി കുറ്റപ്പെടുത്തി. (മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഡെയ്‌ലി ന്യൂസ് ലൈവില്‍ കാണാം)

എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ മല്‍സ്യത്തൊഴിലാളി സമരത്തെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിമന്റ്  ഗോഡൗണില്‍ നരക തുല്യമായ ജീവിതം നയിക്കുന്നവരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണണം. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതെ കബളിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിനെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സര്‍ക്കാരാണ്. കേന്ദ്രസേന വേണമെന്ന അദാനിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണയായിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായി ചര്‍ച്ച. നാലു നിര്‍ദ്ദേശങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. വാഗ്ദാനം ചെയ്ത വീട്ടുവാടക 5,500 രൂപയില്‍നിന്ന് 8,000 രൂപയാക്കണം. വാടക തുക സര്‍ക്കാര്‍ തരണം, അദാനി ഫണ്ട് വേണ്ട. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധര്‍ വേണം. എന്നിവയാണ് സമക്കാരുടെ മുഖ്യമായ ആവശ്യങ്ങള്‍.

ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവു നല്‍കുമോയെന്നു കോടതി ചോദിച്ചു. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു.

തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’ കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിയെ 13 വരെ അറസ്റ്റു ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി. തെലങ്കാന പൊലീസിന്റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള ടീം ഓഡിറ്റിംഗിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍  ടീം ഓഡിറ്റ്  ആരംഭിച്ചു.  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ്  സഹകരണ വകുപ്പില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മന്ത്രി വിശദീകരിച്ചു.

ശബരിമലയിലേക്കു ഹെലികോപ്റ്റര്‍ സര്‍വീസോ, വിഐപി ദര്‍ശന സൗകര്യങ്ങളോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന്  ഹൈക്കോടതി. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന പാടില്ല. നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണ്. സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പോലീസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍.

കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്കു സര്‍ക്കാര്‍ 10 ലക്ഷത്തില്‍ താഴാത്ത നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം നഷ്ടപരിഹാരം നല്‍കണം. കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.

എംജി സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കുസാറ്റില്‍ നിയമനമെന്ന ഗുരുതര ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. എം ജി സര്‍വകലാശാല പിവിസി ഡോ. സി ടി അരവിന്ദ് കുമാര്‍ ഭാര്യ ഉഷയ്ക്കു വേണ്ടി നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.

ഹിഗ്വിറ്റ സിനിമ കോടതിയിലേക്ക്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ത് ജി നായര്‍ അനുരഞ്ജന യോഗത്തില്‍ അംഗീകരിച്ചില്ല. വിലക്കു തുടരുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ പറഞ്ഞത്.

മേപ്പാടി പോളിടെക്‌നിക്ക് കേസിലെ പ്രതി അഭിനവിനു  നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിനു നേരെ ഡിവൈഎഫ്‌ഐ ആക്രമണവും. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും പൊലീസ് ഇടപ്പെട്ട് എല്ലാവരേയും പിരിച്ചുവിട്ടു.

ചക്കുളത്തുകാവ് പൊങ്കാല ബുധനാഴ്ച. ആയിരക്കണക്കിനു ഭക്തജനങ്ങളാണ് പൊങ്കാലയിടാന്‍ എത്തുന്നത്. ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷന്‍. ആക്രമണെത്തക്കുറിച്ച്  ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികള്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. തന്റെ പേരില്‍ പൊലീസില്‍ നല്‍കിയ പരാതിക്കു പിന്നില്‍ സമസ്തയിലെ തന്നെ ചിലരാണ്. സമസ്തക്കെതിരെ പോസ്റ്റുകള്‍ ഇടുന്ന ഉമ്മര്‍ കോയ എന്ന ഫേസ് ബുക്ക് ഐഡി ആരുടെതാണെന്ന് അറിയില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.

വിദേശിയായതുകൊണ്ടു വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. സിബിഐ, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന മിഷേലിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പരമാവധി ശിക്ഷാ കാലവധി അഞ്ചു വര്‍ഷമാണെന്നും ഇതിനകം നാലു വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും ജനുവരി രണ്ടാം വാരം പരിഗണിക്കും.

ജിസിസി രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം. യോഗ്യരായ എല്ലാവര്‍ക്കും പതിവു പ്രവേശന നടപടികള്‍ പുനരാരംഭിക്കും. പക്ഷേ, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും ഹയ്യ കാര്‍ഡ് ആവശ്യമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *