സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖല്‍ബ്’ ടീസര്‍ എത്തി. രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നവാഗത പ്രതിഭയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് രഞ്ജിത്ത്. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാന്‍വാസ്സിലൂടെയും വലിയ മുതല്‍ മുടക്കോടെയും അവതരിപ്പിക്കുന്നത്. ആലപ്പുഴയുടെ സംസ്‌ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോര്‍ത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ പറയുന്നു ഈ ചിത്രത്തിലൂടെ. മികച്ച ആക്ഷന്‍ രംഗങ്ങളും, ഇമ്പമാര്‍ന്ന രംഗങ്ങളമൊക്കെ കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രം. സിദ്ദിഖും ലെനയും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പന്ത്രണ്ടു ഗാനങ്ങളാല്‍ ഏറെ സമ്പന്നമാണ് ഈ ചിത്രം. മൂന്നു സംഗീത സംവിധായകര്‍ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. നിന്നാല്‍, പ്രകാശ് അലക്‌സ്, വിമല്‍ എന്നിവരാണ് സംഗീത സംവിധായകര്‍. സുഹൈല്‍ കോയയുടേതാണു വരികള്‍.