രഞ്ജിന്‍ രാജ് എന്ന സംഗീത സംവിധായകന്റെ ഏറ്റവും പുതിയ റീലീസ് ആണ് ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ‘ആകാശത്തല്ല’ എന്ന ഗാനം. യൂ ട്യൂബില്‍ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നില്‍ ഒരു പിടി പ്രത്യേകതകള്‍ ഉണ്ട്. പല തലമുറയില്‍ പെട്ട ഗായകര്‍ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടന്‍ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. ഈ ഗാനരംഗത്തില്‍ പാടി അഭിനയിക്കാനും, നൃത്തം ചെയ്യാനും ഉള്ള അവസരവും ഇന്ദ്രജിത്ത് സുകുമാരന് ലഭിച്ചിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയൂ മോഹന്‍, മല്ലിക സുകുമാരന്‍, ശാരി, ഹരിശ്രീ അശോകന്‍, ബിജു സോപാനം, ശരത് ദാസ്, അല്‍താഫ് മനാഫ്, ബാലതാരമായ ആഷ്വി എന്നിവരോടൊപ്പം തെന്നിന്ത്യയുടെ മഹാനടന്‍ പ്രകാശ് രാജും പ്രമുഖ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. രഞ്ജിന്‍ രാജ് സിനിമ ഗാനാസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത് ‘ജോസഫ്’ എന്ന സിനിമ മുതല്‍ ആണ്. അടുത്ത് വന്ന മാളികപ്പുറത്തിലും ഗാനങ്ങള്‍ ചെയ്യാന്‍ രഞ്ജിന് സാധിച്ചിട്ടുണ്ട്.