സ്ക്രീനിലെ മികച്ച പ്രകടനത്തിലൂടെ പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് രണ്‍ദീപ് ഹൂഡ. രണ്‍ദീപ് ഹൂഡ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ മാര്‍ച്ച് 22ന് റിലീസ് ചെയ്യും. ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നതും രണ്‍ദീപ് തന്നെയാണ്. സവര്‍ക്കറാകാന്‍ രണ്‍ദീപ് വലിയ രീതിയിലുള്ള രൂപമാറ്റത്തിന് വിധേയനായത്. കഥാപാത്രത്തിന് വേണ്ടി താരം 18 കിലോ കുറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാ പാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള താരത്തിന്റെ ലുക്ക് ആണിതെന്നാണാണ് ആരാധകരുടെ വിലയിരുത്തല്‍. ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല് ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ രൂപമാറ്റവുമായാണ് ആരാധകര്‍ രണ്‍ദീപിന്റെ ചിത്രത്തിന് വേണ്ടി സമര്‍പ്പണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്ലെന്നാണ് പലരും കമന്റ് ബോക്സില്‍ പ്രതികരിച്ചത്. 2021ജൂണിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര് ഭക്തി ക്ലെന്, മാര്‍ക്ക് ബെന്നിങ്ടണ്, അമിത് സിയാല്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സവര്‍ക്കറാകാന്‍ രണ്‍ദീപ് ഹൂഡയുടെ രൂപമാറ്റം
