രാമേശ്വരം എന്ന് നമ്മളെല്ലാവരും തന്നെ പലതവണ കേട്ടിട്ടുണ്ട്. ഈ രാമേശ്വരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കിയാലോ…..!!!
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.ഉപദ്വിപീയ ഇന്ത്യയുടെ അരികിലായി മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്. അങ്ങനെയാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം.
രാമേശ്വരം ദ്വീപിലുള്ള ധനുഷ്കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ് ഭാരതത്തിന്റെ മുൻരാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം. ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം.
രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.പാലത്തിന്റെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു.
ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് ദുഃഖിതനാകുകയും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ.
മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം.
ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. രാമേശ്വരത്തെക്കുറിച്ച് പലതും കേട്ടറിഞ്ഞിട്ടുണ്ടാവും. എന്നാൽ അറിയാകഥകളിലൂടെ അവയെല്ലാം കൂടുതലായി മനസ്സിലാക്കാൻ കഴിയുമല്ലോ. ഇനി അടുത്ത ഭാഗത്തിൽ പുതിയൊരു വിഷയവുമായി എത്താം.