ശബരിമലതീർത്ഥാടനംഏറെ ദുർഘടമായിരിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ശബരിമലയിലെത്തേണ്ട സാഹചര്യത്തിലേക്കാണ് സ്ഥിതിഗതികൾ. ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പരമുള്ള ഏകോപനമില്ലായ്മയും മൂലം വകുപ്പ് മന്ത്രി പോലും നീരസം പ്രകടിപ്പിച്ച് കഴിഞ്ഞു. ശബരിമലയിലെ സംവിധാനങ്ങളുടെ കാര്യത്തിൽ നിലവിലുള്ള പരാതികൾക്ക് ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും അന്യോന്യം പഴി ചാരുകയാണ്. ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസുകളെക്കുറിച്ചുള്ള പരാതികൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആവശ്യാനുസരണമുള്ള ബസ്സുകൾ അലോട്ട് ചെയ്തിട്ടില്ലെന്ന് മാത്രമല്ല സർവീസ് നടത്തുന്ന ബസ്സുകൾ വളരെ മോശപ്പെട്ടതുമാണ്. ഓടുന്ന ബസ്സുകളിൽ തീർത്ഥാടകരെ കുത്തി നിറച്ചാണ് സർവീസ് . കൂടാതെ സ്‌പെഷ്യൽ ബസ്സുകളിൽ അമിത ചാർജ്ജ് ഈടാക്കുന്നു എന്ന പരാതിയും ഉണ്ട് . കണ്ടക്ടറില്ലാതെ ബസ്സ് സർവീസ് നടത്തുന്നത് അന്യസംസ്ഥാനക്കാരായ തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നു. ടിക്കറ്റ് എടുക്കാമെന്ന് കരുതുന്ന തീർത്ഥാടകർ ഇതേതുടർന്ന് വലയുകയാണ്. കെ എസ് ആർ ടി സിയുടെ കാര്യക്ഷമതയില്ലായ്മയിൽ ദേവസ്വം മന്ത്രി തന്നെ തന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായെന്നും ചെന്നിത്തല ചൂണ്ടികാട്ടി. മണ്ഡല പൂജ, മകരവിളക്ക് സമയങ്ങളിലാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകന യോഗം വിളിക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.