എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന റിപ്പോർട്ട്, അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്നെയാണ് മുഖ്യമന്ത്രിയെ ഇക്കാര്യങ്ങളിൽ എല്ലാം തന്നെ സഹായിച്ചിരുന്നത്. അതുകൊണ്ടാണ് അവസാനം നിമിഷം വരെ അദ്ദേഹത്തെ കൈവിടാതെ മുഖ്യമന്ത്രി കൊണ്ടു നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം ശിവ ശങ്കറിനെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്തുവരും എന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ എല്ലാ അഴിമതി ഇടപാടുകളെ കുറിച്ചും ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം ഒരുകാലത്തും തരം താഴ്ന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം കേരളത്തിലും പരാജയപ്പെട്ടു പോവുകയാണ്. കേന്ദ്രത്തിനെ കുറ്റം പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ വിധേയനായി നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെയുള്ള സമരത്തിന് വേണ്ടി കോൺഗ്രസിനെ ക്ഷണിച്ചതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
2021ൽ ഒരു കൈപ്പിഴ പറ്റിയതിന്‍റെ കുറ്റബോധത്തിലാണ് കേരള ജനത. ഇക്കാര്യങ്ങൾ പാർലമെന്‍റ് ഇലക്ഷൻ കഴിയുമ്പോൾ പിണറായിക്ക് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.