അയോധ്യയിലെ രാമക്ഷേത്രം അവസാന ഘട്ട നിര്മിതികളിലാണ്. രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 14 നു മകരസംക്രാന്തി ദിനത്തില്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പത്തു ദിവസമാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍. ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗര്‍ഭഗൃഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ, ശ്രീരാമന്റെ ബാല രൂപത്തിലുള്ള രണ്ട് വിഗ്രഹങ്ങളുണ്ടാകും. മുഖ്യപ്രതിഷ്ഠയ്ക്കു മുപ്പതടി അകലെവരെ മാത്രമേ ഭക്തര്‍ക്കു പ്രവേശനം അനുവദിക്കൂ. താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഒന്നാം നിലയില്‍ രാമ ദര്‍ബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠന്, വിശ്വാമിത്രന്, അഹല്യ, അഗസ്ത്യ മുനി എന്നിവര്‍ക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും. മുഖ്യക്ഷേത്രം രണ്ടേമുക്കാല്‍ ഏക്കറിലാണു നിര്‍മിച്ചിരിക്കുന്നത്. പ്രദക്ഷിണ വീഥി ഉള്‍പ്പെടെ ചുറ്റും എട്ടര ഏക്കറുണ്ട്. 75 ഏക്കര്‍ വിസ്തൃതമായ വിശാലമായ കാമ്പസില്‍ മ്യൂസിയവുമുണ്ട്. 1800 കോടി രൂപയാണു ചെലവ്. അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പേ ക്ഷേത്രം ഭക്തര്‍ക്കു തുറന്നുകൊടുക്കും. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം
