എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കും. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗന്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും. റിസര്‍വ് ചെയ്തും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.