വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുലിന്റെ റോഡ് ഷോയിൽ ആയിരങ്ങൾ ഒരു മണിക്കൂറോളം അദ്ദേഹത്തെ അനുഗമിച്ചു. റോഡ് ഷോ പൂർത്തിയാക്കി രാഹുൽ തുറന്ന വാഹനത്തിലിരുന്ന് പ്രവർത്തകരോട് സംസാരിച്ചു. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. തുടർന്ന് മൂന്ന് സെറ്റ് അടങ്ങുന്ന നാമനിർദ്ദേശ പത്രിക ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ അദ്ദേഹം സമര്‍പ്പിച്ചു. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ സജീവമാകുമെന്നാണ് സൂചന.