ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓര്‍മ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം പ്രാപിക്കുന്ന കാഴ്ച. മൂര്‍ത്തവും അമൂര്‍ത്തവുമായ ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരം. ഋഷിയായും ഭ്രാന്തനായും ഊരുതെണ്ടിയായും കവിയുടെ അലച്ചിലുകള്‍. രാത്രിയില്‍ അച്ചാങ്കര ചലനാത്മകതയുടെ ഊര്‍ജ്ജപ്രവാഹമുള്ള കവിതകളുടെ സമാഹാരമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവുമ്പോഴും പുതുകാലത്തിന്റെ ഭാവുകത്വ പരിണതികളെ തിരിച്ചറിയുന്നതില്‍ കവി പുലര്‍ത്തുന്ന ഉള്‍ക്കാഴ്ചയും കവിതയുടെ രാഷ്ട്രീയധ്വനികളില്‍ പ്രകടമാകുന്ന സൂക്ഷ്മതയും ഈ ചലനാത്മകതയുടെ ഭാഗമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാത്രിയില്‍ അച്ചാങ്കര, ബലൂണ്‍ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാന്‍, കടല്‍ക്കിനാക്കള്‍, കാണാതായ കിളികള്‍ തുടങ്ങി 44 കവിതകള്‍. ‘രാത്രിയില്‍ അച്ചാങ്കര’. ദുര്‍ഗ്ഗാപ്രസാദ്. ഡിസി ബുക്‌സ്. വില 135 രൂപ.