election 1 1

തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടികള്‍ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രതികരണം അറിയിച്ച ആറു പാര്‍ട്ടികളില്‍ അഞ്ചു പാര്‍ട്ടികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്തു. പ്രതികരണം അറിയിക്കാന്‍ സാവകാശം തേടിയിരിക്കുകയാണ് ബിജെപി.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി നിയമിക്കാന്‍ യോഗ്യരായവരുടെ പാനല്‍ നല്‍കാതെ ഒറ്റ പേരു മാത്രം നല്‍കിയ സംഭവങ്ങള്‍ പുനപരിശോധിക്കാനാണു നീക്കം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഒറ്റ പേരു മാത്രം നിര്‍ദ്ദേശിച്ച വിസി നിയമന രേഖകള്‍ പുറത്തുവന്നു. ഇതോടൊപ്പം ഏഴു പേരുടെ ചുരുക്കപ്പട്ടികയും മിനിറ്റ്സും പുറത്തുവന്നിട്ടുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി പ്രക്ഷോഭം. ഇടതു മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭം നടത്താനാണ് എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള ലൈസന്‍സാണു റദ്ദാക്കിയത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചെന്നു ബിജെപി ആരോപിച്ചിരുന്നു. ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ട്രസ്റ്റിമാരാണ്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെ അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍നിന്ന് ഒന്നരക്കോടിയോളം രൂപ കവന്ന കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക മാണ്ഡ്യയില്‍നിന്നു നാലു പേരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.

പ്രണയപ്പകയുടെ പേരില്‍ പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് ഉപയോഗിച്ച ചുറ്റികയും കത്തിയും അടക്കമുള്ള ആയുധങ്ങള്‍ മാനന്തേരിയിലെ ഒരു കുളത്തില്‍നിന്നു കണ്ടെടുത്തു. മാസ്‌ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം എന്നിവയും കണ്ടെത്തി. ഇവയെല്ലാം ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നു പോലീസ് പറഞ്ഞു.

സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സരിത വിളിച്ചുപറഞ്ഞതിനു കേസെടുത്ത സര്‍ക്കാര്‍ സ്വപ്നയുടെ ആരോപണങ്ങള്‍ വിശ്വാസ്യമല്ലെന്നു വ്യാഖ്യാനിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ അഴിമിതി ആരോപണവും ഗുരുതരമാണെന്നും സതീശന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്ന ഓരോന്ന് പറയുന്നു. അതിനൊക്കെ മറുപടി പറയേണ്ടതില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. സ്വപ്ന പറയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്, പ്രതിപക്ഷവുമുണ്ട്. ഗോവിന്ദന്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *