അബുദാബിയിലെ ഹിന്ദുക്ഷേത്രം ഈ മാസം 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തർക്ക് സമർപ്പിക്കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കും. ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18-ന് പ്രവേശനം നല്‍കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവര്‍ മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവികൾ അറിയിച്ചു.അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍, 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.