യുവത്വത്തിന്റെ നിറങ്ങളും സോഷ്യല്‍ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ഈ വര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. നായകന്‍ ജോമോന്‍ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗണ്‍സ്‌മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ നിന്ന് എത്തിനോക്കുന്ന ജോമോന്‍… വേണ്ടപ്പെട്ട അല്ലെങ്കില്‍ കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം ഒക്കെ നിറഞ്ഞ മുഖം….യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നല്‍കുന്നു. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ ഒരു എന്‍.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പൂര്‍ണ യൂത്ത് റൊമാന്റിക് എന്റര്‍ടെയ്‌നറാണ്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം എന്നിവര്‍ക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന്‍ വിജയന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
