ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. ‘പ്രേമ നെയ്യപ്പം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടന്ന, പ്രഭക്കുട്ടന്- സുശീല നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ പ്രൊമോ ഗാനത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികള്‍ക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിന്‍ബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീത സംവിധായകനായ ജസ്റ്റിന് വര്‍ഗീസ് ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് ‘ജയിലര്‍’. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കണ്ണുകളില്‍ ഏറെ ഗൗരവം നിറച്ച് കൈകള്‍ രണ്ടും പുറകില്‍ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററില്‍ ഉള്ളത്. ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. രമ്യാ കൃഷ്ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.
സ്വര്‍ണത്തില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിന്റെ നടപ്പുവര്‍ഷത്തെ രണ്ടാം പതിപ്പിന് തുടക്കമായി. ഈ മാസം 26വരെ വാങ്ങാം. ഗ്രാമിന് 5,197 രൂപയാണ് വില. ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും റിസര്‍വ് ബാങ്ക് 50 രൂപ ഡിസ്കൗണ്ട് നല്‍കും. ഇവര്‍ 5,147 രൂപ ഗ്രാമിന് നല്കിയാല് മതി. 30നാണ് ബോണ്ട് വിതരണം. സ്വര്‍ണവിലയ്ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.
മാരുതി സുസുക്കിയുടെ പുതുതലമുറ ഓള്‍ട്ടോ കെ10 വിപണിയിലെത്തി. 3.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഫീച്ചറുകളിലും നിറഭേദങ്ങളിലും ഒട്ടേറെ പുതുമകളാണ് പുത്തന്‍ കെ10ന് അവകാശപ്പെടാനുള്ളത്. നിലവില്‍ വില്പനയിലുള്ള ഓള്‍ട്ടോ 800നേക്കാള്‍ വലിയ മോഡലാണിത്. ഫീച്ചറുകളിലെ സമ്പന്നതയും വലിയ രൂപവും മനോഹരമായ രൂപകല്പനയും ഇത് വ്യക്തമാക്കുന്നു. ലോഞ്ചിംഗിന് മുന്നേ 11,000 രൂപയടച്ച് പുത്തന്‍ ഓള്‍ട്ടോ കെ10 ബുക്ക് ചെയ്യാനുള്ള അവസരം മാരുതി അറീന ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിരുന്നു.
അരനൂറ്റാണ്ടുമുമ്പുള്ള നമ്മുടെ നാട്ടിലെ ബാല്യകൗമാരജീവിതങ്ങള്ക്കുനേരെ പിടിച്ച കണ്ണാടിയാണിത്. അക്കാലത്ത് ഓരോ ഗ്രാമത്തിലുമെന്നപോലെ പിറവിയെടുത്ത വായനശാലയെ നെഞ്ചിലേറ്റിയ സുമനസ്സുകളും അതുവഴി ഒരു പുതിയ ലോകം തുറന്നുകിട്ടിയ തലമുറയും ഇതില്‍ ജീവനായുണ്ട്. വായിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളെ കണ്ടുമുട്ടുന്ന അനുഭവം പ്രദാനംചെയ്യുന്ന കൃതി. ‘അരണം’. സി.ജെ അന്തോണി. എച്ചആന്‍ഡ്സി ബുക്സ്. വില 190 രൂപ.
കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. എന്നാല്‍ കളിയും വ്യായാമം ചെയ്യലും വളരെ കുറവായതിനാല്‍ അവര്‍ ബോറടിക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. വളര്‍ച്ചയ്ക്ക് ആവശ്യമായതില്‍ കൂടുതലായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അമിതവണ്ണത്തിന് സാധ്യതയുണ്ട്. കുട്ടികള്‍ക്ക് പൊതുവേ താല്പര്യം സിന്തറ്റിക് ജൂസുകളോടും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളോടും കേക്ക്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളോടുമായിരിക്കും. ഇവ ഇടയ്ക്കിടെ നല്കിയാല് പ്രധാന ഭക്ഷണം കഴിക്കുന്നത് കുറയാനിടയാക്കും. പ്രധാന ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ മുഴുവന്‍ കിട്ടുന്നത് എന്നതിനാല്‍ ഇടയ്ക്കുള്ള സ്നാക്സ് ഒഴിവാക്കാം. രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള പ്രധാന ഭക്ഷണം ആവശ്യമായ അളവില്‍ കൃത്യസമയത്ത് കഴിക്കണം. ദിവസം എട്ടു മുതല്‍ പത്തു ഗ്ലാസ് വരെ വെള്ളം കുടിപ്പിക്കണം. ഇടയ്ക്ക് ആപ്പിളോ, ഓറഞ്ചോ, മുന്തിരിയോ അധികം മധുരം ചേര്‍ക്കാതെ ജൂസ് ആയി നല്‍കാം. അമിത മധുരമില്ലാതെ നാരങ്ങാവെള്ളവും നിത്യവും കഴിക്കാം. പച്ചക്കറികളും പഴങ്ങളും കൂടുതലടങ്ങിയ ഭക്ഷണമായിരിക്കണം കുട്ടികളുടേത്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഊത്തപ്പം ആയോ, സ്റ്റഫ്ഡ് ചപ്പാത്തി ആയോ ഒക്കെ കഴിപ്പിക്കാം. അമിത എണ്ണയും പഞ്ചസാരയും നിര്‍ബന്ധമായും കുറയ്ക്കുക. ഫ്രൂട്സ് അരിഞ്ഞ് അല്പം തേന്‍ ചേര്‍ത്ത് തണുപ്പിച്ചോ, ഓംലെറ്റ് അകത്തു വച്ചു തയാറാക്കിയ സാന്വിച്ചോ, ഗ്രീന്‍ ചട്നി ഉള്ളില്‍ വച്ച സാന്വിച്ചോ കടലയും പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും ചേര്‍ത്ത് വേറിട്ട രീതിയില്‍ തയാറാക്കിയ സാലഡോ നല്‍കാം. പാല്, നട്സ് എന്നിവ അമിതമാകാതെ ശ്രദ്ധിക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.88, പൗണ്ട് – 94.22, യൂറോ – 79.91, സ്വിസ് ഫ്രാങ്ക് – 83.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -259.82, ഒമാനി റിയാല്‍ – 207.51, സൗദി റിയാല്‍ – 21.27, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 61.39.