മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. മല്ലപ്പള്ളിയില്‍ പ്രസംഗത്തിനിടെ ഭരണഘടനയ്ക്കെതിരേ പ്രസംഗിച്ചതിന്റെ പേരിലാണു രാജി. രാജി തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും അത് അറിയിക്കേണ്ടവരെ അറിയിച്ചെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണു വൈകുന്നേരത്തോടെ രാജിവച്ചത്. രാജിവയ്ക്കണമെന്ന നിയമോപദേശമാണു അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇതോടെ രാജിവയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. രാജിക്കത്തു കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല. സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതായി രാജ് ഭവന്‍ അറിയിച്ചു.
സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രിമിനല്‍ കുറ്റമാണു സജി ചെറിയാന്‍ ചെയ്തത്. മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചതു സ്വാഗതം ചെയ്യുന്നു. പ്രസംഗത്തിലെ പിഴവു സമ്മതിക്കാതെ ന്യായീകരിക്കുന്നതു ശരിയല്ല. സജി ചെറിയാനെതിരേ നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനക്കെതിരേ പ്രസംഗിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
അത്ലറ്റിക്സ് ട്രാക്കില്‍ രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷ രാജ്യസഭയിലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജ, സംവിധായകന്‍ വി വിജയേന്ദ്ര പ്രസാദ് എന്നിവരടക്കം മൂന്നു പേരെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. കായിക രംഗത്ത് മികച്ച അത്ലറ്റുകളെ പരിശീലിപ്പിച്ചു വളര്‍ത്തിക്കൊണ്ടുന്ന പി.ടി. ഉഷയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റ്. 58 കാരിയായ ഉഷ റെയില്‍വെയിലെ ജോലിയില്‍നിന്ന് വിആര്‍എസ് എടുത്തു.
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്നാണ് അഭ്യൂഹം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്. വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക് നല്‍കി. ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആര്‍സിപി സിംഗ് രാജിവച്ചതിനാല്‍ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കി.
സജി ചെറിയാനു പകരം പുതിയ മന്ത്രിയെ തത്കാലം നിയമിക്കില്ല. സാംസ്‌കാരിക വകുപ്പിന്റെ ചുമതലകള്‍ മറ്റൊരു മന്ത്രിക്കു കൈമാറും. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഇപി ജയരാജന്‍ രാജിവച്ചശേഷം മടങ്ങിവന്നതുപോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ ചേര്‍ന്ന സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ സജി ചെറിയാന്‍ തത്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണു തീരുമാനിച്ചത്. വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തിനുമുമ്പേ ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിക്കുയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. വൈകുന്നേരത്തോടെ രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തന്റെ പ്രസംഗത്തെ തെറ്റായി പ്രചരിപ്പിച്ചെന്നു മാധ്യമങ്ങളെ പഴിച്ച് സജി ചെറിയാന്‍. ഭരണഘടനയെ വിമര്‍ശിച്ചില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം തെറ്റു ബോധ്യപ്പെട്ടു മാപ്പു പറയാനും തയാറായില്ല. ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുയാളാണു താന്‍. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ നിയമപരമായും അല്ലാതെയും ഇടപെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. രാജിവച്ചശേഷം സജി ചെറിയാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് മടങ്ങിയത്.
തല്‍ക്കാലത്തേക്കു തടി രക്ഷിക്കാനുള്ള ശ്രമമാണ് രാജിയെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇത് ഒന്നാം വിക്കറ്റ്, രണ്ടാം വിക്കറ്റ് ഉടന്‍ വരും. ക്യാപ്റ്റന്റെ വിക്കറ്റും പോകും. ഇതുകൊണ്ടെന്നും സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഭരണഘടനയെ വിമര്‍ശിക്കാം, അപമാനിക്കാന്‍ പാടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞു.
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി പതിനാലര കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്കുള്ള രണ്ടു കോടിയും ആശുപത്രി ഉപകരണങ്ങള്‍ക്കുള്ള അഞ്ചു കോടി രൂപയും ഇതില്‍ ഉള്‍പെടും.
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 50 രൂപ വര്‍ധിപ്പിച്ചത് ശൗചാലയത്തിനു വേണ്ടിയാണെന്നതാണ് ഒരു ആശ്വാസമെന്ന പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ വില കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സനും, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫും ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ടു പ്രോജക്ടറുകളുമാണ് അപഹരിച്ച് ആക്രിക്കടയില്‍ വിറ്റത്.
ഡീസല്‍ ക്ഷാമംമൂലം പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കണ്ണൂര്‍ ജില്ലയില്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയല്‍ ജില്ലകളിലേക്കുള്ളത് ഉള്‍പ്പെടെ 40 സര്‍വീസുകള്‍ ഇതുവരെ മുടങ്ങി. കോട്ടയം ജില്ലയിലെ കിളിമാനൂര്‍ ഡിപ്പോയിലെ ഏഴ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി.
കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവക്കു മാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂരില്‍ ഇന്നലേയും അവധിയായിരുന്നു.
അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ആസാം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ പാത്രം വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണു സ്ഫോടനമുണ്ടായത്.
ഉടുമ്പന്‍ചോലക്കു സമീപം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മോഷ്ടാവിനെ കൊലപ്പെടുത്തിയതിന് വീട്ടുടമ അറസ്റ്റില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. കവര്‍ച്ചയ്ക്കെത്തിയ ജോസഫുമായി മല്‍പിടിത്തത്തിനിടെ കഴുത്തില്‍ ഞെരിച്ചതാണ് മരണകാരണം. വീട്ടുടമ ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രനെയാണ് അറസ്റ്റു ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയവരെ ചുവന്ന മാലയണിയിച്ച് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, മൂന്നു വനിതാ പ്രവര്‍ത്തകരും അടക്കം ജൂണ്‍ 26 ന് അറസ്റ്റിലായവരെയാണ് ജാമ്യത്തില്‍ വിട്ടത്.
അനധികൃത പണമിടപാടുകള്‍ നടത്തിയതിന് വളാഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍. കാവുംപുറം സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന അമ്പാടി ഉണ്ണി (51)യാണ് പിടിയിലായത്. ആര്‍ സി ബുക്ക്, ചെക്ക് ലീഫ്, മുദ്ര പേപ്പര്‍, ആധാരം ഉള്‍പ്പെടെ 1509 രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കുന്നംകുളത്ത് യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. കാറില്‍നിന്ന് തള്ളിയിട്ട ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. ഇയാളില്‍നിന്ന് പത്തു ഗ്രാം എംഡിഎംഎ മയക്കുമരുന്നു പിടികൂടി. കാറില്‍നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി ഒന്നിച്ചു താമസിച്ചിരുന്ന യുവതി വിവാഹം കഴിക്കണമെന്നു ശഠിച്ചതോടെ വഴക്കുണ്ടാകുകയും കാറില്‍നിന്നു തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്ററും ഫ്ളക്സും നശിപ്പിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാലോളിമുക്ക് മുസ്ലിം ലീഗ് ശാഖാ ഭാരവാഹി കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെ(31)യാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലുണ്ട്. കേസില്‍ 11 പേര്‍ റിമാന്‍ഡിലായി.
കെട്ടിടം നവീകരിക്കാനുള്ള അനുമതിക്ക് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സിയറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ ഓവര്‍സിയര്‍ ശ്രീലതയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിളപ്പല്‍ പഞ്ചായത്തില്‍ താമസിക്കുന്ന അന്‍സാരിയുടെ പരാതിയിലാണ് നടപടി.
റെയില്‍വേയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ഏഴര ലക്ഷം രൂപ തട്ടിയ കേസിലെ മൂന്നു പ്രതികളെ മുക്കം പോലീസ് പിടികൂടി. തട്ടിപ്പിന്റെ ആസൂത്രക എടപ്പാള്‍ സ്വദേശി അശ്വതി വാര്യര്‍ ഒളിവിലാണ്. മുക്കം വല്ലത്തായിപാറ സ്വദേശി ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ സ്വദേശി ബാബു എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് തിരുവമ്പാടിയില്‍ അമ്പതു പേരെങ്കിലും തട്ടിപ്പിനിരയായി.
കടം വാങ്ങിയ രണ്ടായിരം രൂപ തിരിച്ചു ചോദിച്ചതിനു കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ടൂറിസ്റ്റ് ബസില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒമ്പതു കിലോ കഞ്ചാവ് അന്തിക്കാട് പൊലീസ് പിടികൂടി. താന്ന്യം ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ അടിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആരാണു കടത്താന്‍ ശ്രമിച്ചതെന്നു കണ്ടെത്താനായിട്ടില്ല.
മുടി വളര്‍ത്തിയതിന് അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചെന്നു പരാതി. സംഭവത്തില്‍ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കി. കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്കു ദാനം ചെയ്യാനാണ് തലമുടി വളര്‍ത്തിയതെന്നാണ് അമ്മ സുബീനയുടെ വാദം.
തമിഴ്നാട് പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വം വിഭാഗത്തിന് കനത്ത തിരിച്ചടി. പാര്‍ട്ടി ഭരണഘടന തിരുത്തുന്നതില്‍നിന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ജനറല്‍ കൗണ്‍സിലിനെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ മാസം 11 ന് പളനിസ്വാമി വിഭാഗം നടത്തുമെന്ന് പ്രഖ്യാപിച്ച ജനറല്‍ കൗണ്‍സിലിന് നിയമതടസങ്ങള്‍ ഇല്ലാതായി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനാകുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. വ്യാഴാഴ്ച മന്നിന്റെ ചണ്ഡിഗഡിലുള്ള വസതിയിലാണു വിവാഹം. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. ആറു വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഡോ. ഗുര്‍പ്രീത് കൗറും ഭഗവന്ത് മാനും വളരെക്കാലമായി പരിചയമുള്ളവരാണ്.
ഡല്‍ഹി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം 66 ശതമാനം വര്‍ധിപ്പിച്ചു. പന്തീരായിരം രൂപയായിരുന്നു ശമ്പളം. അലവന്‍സുകള്‍ അടക്കം പ്രതിമാസം 54,000 രൂപയാണ് നല്‍കിയിരുന്നത്. ശമ്പളവും ആനുകൂല്യങ്ങളും 90,000 രൂപയായി വര്‍ധിപ്പിച്ചു.
അച്ഛനും മകളും ഒരുമിച്ച് ചേര്‍ന്ന് യുദ്ധവിമാനം പറത്തി. എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ്മയും മകള്‍ ഫ്ലയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയുമാണ് വിമാനം പറത്തിയത്. കര്‍ണാടകയിലെ ബിദറിലായിരുന്നു സംഭവം. അച്ഛനും മകളും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാണ്.
കാളീദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ കേസ്. ഭോപ്പാല്‍ ജഹാംഗീരാബാദ് സ്വദേശിയുടെ പരാതിയിലാണു കേസെന്ന് ഭോപ്പാല്‍ പൊലീസ് അറിയിച്ചു.
ഉന്നം തെറ്റാത്ത ഷൂട്ടറായ ബ്രസീലിയന്‍ മോഡല്‍ യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താലിറ്റോ ദൊ വാലെ എന്ന മുപ്പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്. റഷ്യക്കെതിരേ പോരാടാന്‍ മൂന്നാഴ്ച മുമ്പാണ് യുക്രെയിനില്‍ എത്തിയത്. വടക്കു കിഴക്കന്‍ ഖാര്‍കിവിലെ ബങ്കറില്‍വച്ചാണ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും.
ഇംഗ്ലണ്ട്- ഇന്ത്യ ക്രിക്കറ്റ് പരമ്പരയില്‍ ഇനി ടി20 പൂരം. ഇന്ന് സതാംപ്ടണിലെ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ടി20ക്കുള്ള ടീമിലുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്തുമോയെന്ന് കണ്ടറിയണം. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
നാലു മണിക്കൂറും 22 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തെയും പരിക്കിനെയും അതിജീവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്സിനെയാണ് നദാല്‍ മറികടന്നത്. ലോക റാങ്കിംഗില്‍ 40-ാം സ്ഥാനക്കാരനായ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസാണ് സെമിയില്‍ നദാലിന്റെ എതിരാളി. രണ്ടാം സെമിയില്‍ ബ്രിട്ടന്റെ കാമറോണ്‍ നോറി ഒന്നാം സീഡായ നൊവാക് ജോക്കോവിച്ചിനെ നേരിടും.
വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ റൊമാനിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപും കസാഖ്‌സ്താന്റെ എലേന റൈബാക്കിനയും സെമിയിലെത്തി. സെമിയില്‍ എലേന റൈബാക്കിന, സിമോണ ഹാലെപ്പിനെ നേരിടും. മറ്റൊരു സെമിയില്‍ ജര്‍മനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓണ്‍സ് യാബിയറുമായി കൊമ്പുകോര്‍ക്കും.
കഴിഞ്ഞ വര്‍ഷത്തെ 4 ത്രൈമാസങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ച് കാലയളവില്‍ കേരളത്തിന്റെ തൊഴിലില്ലായ്മനിരക്കില്‍ കുറവ്. എങ്കിലും തൊഴിലില്ലായ്മപ്പട്ടികയില്‍ കേരളം (13.2%) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ രാജ്യമാകെയുള്ള ശരാശരി നിരക്ക് 8.2 ശതമാനമാണ്. ജമ്മു കശ്മീരും (15.6%), ഹരിയാനയുമാണ് (13.5%) പട്ടികയില്‍ ഒന്നാമതും രണ്ടാമതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മനിരക്കു കുറഞ്ഞെങ്കിലും സമീപ സംസ്ഥാനങ്ങളായ തമിഴ്നാട് (8.3%), കര്‍ണാടക (4.9%), ആന്ധ്ര പ്രദേശ് (8.3%) എന്നിവയെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കാണ് കേരളത്തില്‍ കൂടുതല്‍, 19.1%. പുരുഷന്മാരുടേത് 10.6 ശതമാനവും.
കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇകൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ഓഗസ്റ്റില്‍ കേരളത്തിലെയടക്കം 75 നഗരങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും. പലവ്യഞ്ജനങ്ങള്‍ക്കു പുറമേ ഇലക്ട്രോണിക്സ്, തുണിത്തരങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ അടക്കം ആദ്യഘട്ടത്തിലുണ്ടായിരിക്കും. നിലവില്‍ 150ലധികം കമ്പനികള്‍ ശൃംഖലയുടെ ഭാഗമാകുന്ന നടപടിക്രമങ്ങളിലാണ്. ആമസോണ്‍, ഫ്ലിപ്കാര്‍ട് എന്നിങ്ങനെ സ്വകാര്യ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ചുള്ള നിലവിലെ ഇകൊമേഴ്സ് രംഗത്തെ ഒരു പൊതു ശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്.
ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് ഒരു മലയാള ചലച്ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അറിയിപ്പ് എന്ന ചിത്രമാണ് 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം. നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു.
ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയന്‍കുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. മലയന്‍കുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസ്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് ‘മലയന്‍കുഞ്ഞ്’.
ഡീസല്‍ കാറുകള്‍ക്ക് പുറമേ പെട്രോള്‍ കാറുകളും ഉപേക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പത്തുവര്‍ഷത്തിനകം പെട്രോള്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ പുതിയ ഡീസല്‍ കാറുകള്‍ അവതരിപ്പിക്കുന്നത് മാരുതി നിര്‍ത്തിയിരിക്കുകയാണ്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പെട്രോള്‍ കാറുകള്‍ ഒഴിവാക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നത്. പകരം ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക്, ബയോ ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എസ് യുവി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
നിങ്ങള്‍ നിങ്ങളിലേയ്ക്ക് തന്നെ മുങ്ങിത്താഴുന്നതോടെ നിങ്ങളുടെ വൃത്തപരിധിയില്‍ നിന്ന് നിങ്ങള്‍ അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലാവരും തന്നെ ആ പരിധിയ്ക്ക് പുറത്താണ്. അവര്‍ ആ വൃത്തപരിധിയില്‍ പോലുമല്ല. ‘പ്രബുദ്ധതയുടെ സൗരഭ്യം’. ഓഷോ. സൈലന്‍സ് ബുക്സ്. വില 342 രൂപ.
ജനിതകപരമായ കാരണങ്ങള്‍ കൊണ്ട് മറവിരോഗം വരുന്നവര്‍ക്കു പോലും ചില നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മറവി രോഗ സാധ്യത 43 ശതമാനം കുറയ്ക്കാനാകുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തി. 12,000 ഓളം ജനങ്ങളെ 30 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. മറവിരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ശീലങ്ങള്‍ ഇനി പറയുന്നവയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം പരിധിക്കുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഹൃദയത്തിനും രക്തധമനികള്‍ക്കും വൃക്കകള്‍ക്കും മേലുള്ള സമ്മര്‍ദത്തെ ലഘൂകരിക്കും. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് രക്തധമനികളില്‍ ക്ലോട്ട് ഉണ്ടാക്കി ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ഹൃദയത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും ക്ഷതമുണ്ടാക്കും. നിത്യവും സജീവമായിരിക്കുന്ന ജീവിതശൈലി പിന്തുടരാന്‍ കഴിയുന്നത് ജീവിതത്തിന്റെ ദൈര്‍ഘ്യവും നിലവാരവും വര്‍ധിപ്പിക്കും. ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന് സാധിക്കും. അമിതഭാരം നിയന്ത്രിക്കുന്നത് ഹൃദയത്തിനും ശ്വാസകോശത്തിനും രക്തധമനികള്‍ക്കും അസ്ഥികൂടത്തിനും മേലുള്ള സമ്മര്‍ദ്ധം കുറയ്ക്കും. ഹൃദ്രോഗം ഉള്‍പ്പെടെ സങ്കീര്‍ണമായ രോഗങ്ങള്‍ വരാനുള്ള സാധ്യത പുകവലിക്കുന്നവര്‍ക്ക് വളരെ കൂടുതലാണ്. ഇത്തരത്തിലുളള നല്ല ശീലങ്ങള്‍ പിന്തുടരുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഊര്‍ജ്ജസ്വലതയെയും നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ശുഭദിനം
കവിത കണ്ണന്‍
അന്താരാഷ്ട്ര ഓട്ടമത്സരം നടക്കുകയാണ്. ആ ഓട്ടമത്സരത്തില്‍ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേല്‍ മുത്തയ്യും സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണ്ണാണ്ടസ്സും ഫിനിഷിങ്ങ് പോയിന്റിന് അരികിലെത്തി. പക്ഷേ, അപ്പോഴാണ് അത് സംഭവിച്ചത്. ആദ്യം എത്തിയ ആബേല്‍ മുത്തയ്യും ഫിനിഷിങ്ങ് ലൈനിന്റെ അടയാളം തെറ്റി മനസ്സിലാക്കി ഓട്ടം നിര്‍ത്തി. പിന്നാലെ വന്ന ഇവാന് അത് മനസ്സിലായി. ഫിനിഷിങ്ങ് പോയിന്റ് എത്തിയിട്ടില്ല, ഓട്ടം തുടരാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, സ്പാനിഷ് ഭാഷയിലായതിനാല്‍ ആബേലിന് അത് മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ ഇവാന്‍ ആബേലിനെ പുറകില്‍ നിന്നും തള്ളി ഫിനിഷിങ്ങ് പോയിന്റില്‍ എത്തിച്ചു! ലോകം മുഴുവന്‍ അമ്പരന്നുപോയ നിമിഷമായിരുന്നു അത്. ലോകം ചോദിക്കാന്‍ വന്ന ആ ചോദ്യം ഒരു പത്രക്കാരന്‍ ഇവാനോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് അയാളെ വിജയത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ? ഈ ചോദ്യത്തിന് ഇവാന്‍ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. ‘ എന്നേക്കാള്‍ കഴിവുകൊണ്ട് വിജയത്തിന്റെ പാതയിലായിരുന്ന അയാളുടെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എന്ത് അര്‍ഹതയും യോഗ്യതയുമാണുള്ളത്.. ഞാന്‍ അത് ചെയ്താല്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന, നീതി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എന്നെ പഠിപ്പിച്ച അച്ഛനോടും അമ്മയോടും ഞാന്‍ എന്ത് മറുപടി പറയും! ചില തോല്‍വികള്‍ക്ക് വിജയത്തിനേക്കാള്‍ മൂല്യമുണ്ടാകുന്നത് ഇങ്ങനെയാണ്. സത്യസന്ധതയുടെ മൂല്യങ്ങളെ ചേര്‍ത്ത്പിടിച്ച് വിജയത്തിലേക്ക് നമുക്കും നടക്കാം – ശുഭദിനം.