എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ പ്രതി പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ . പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയായിരുന്നു.കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് കീഴിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.
സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം.താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.