പ്രസവാനന്തരം സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന മാനസിക വൈകല്യങ്ങളുടെ തോത് ഉയര്‍ന്നു വരുന്നതായി ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. ലോകത്ത് പത്ത് ശതമാനത്തോളം ഗര്‍ഭിണികളും 13 ശതമാനം പ്രസവം കഴിഞ്ഞ സ്ത്രീകളും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ 85 ശതമാനം സ്ത്രീകളിലും ബേബി ബ്ലൂസ് ( പ്രസവാനന്തരം സ്ത്രീകളില്‍ കാണപ്പെടുന്ന മാനസിക വൈകല്യങ്ങള്‍) ലക്ഷണങ്ങള്‍ കാണാറുണ്ട്. ദീര്‍ഘ നേരം കരയുക, വിഷാദം, ഉത്ണ്ഠ എന്നവയാണ് ബേബി ബ്ലൂസ് ലക്ഷണങ്ങള്‍. പ്രസവാനന്തര കാലത്തെ ഈ മാനസിക വൈകല്യങ്ങള്‍ കാരണം സമ്പന്ന രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5 മുതല്‍ 20 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രസവ സംബന്ധമായ സങ്കീര്‍ണതകളും പരിചരണക്കുറവും മൂലം മരണനിരക്ക് കൂടുതലാണ്. എന്നാല്‍ അതില്‍ പലതും റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രസവാനന്തര മാനസികാരോഗ്യ വൈകല്യം മാതൃ-ശിശു ക്ഷേമത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ വികാസത്തിന് തടസമാകുന്നു. കൂടാതെ കുട്ടിയുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വളര്‍ച്ചയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുകയും കുടുംബങ്ങളെയും ഭാവി തലമുറകളെയും ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 70% സ്ത്രീകള്‍ക്കും ഇത്തരം മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധമില്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതിനായി പ്രത്യേകം സ്‌ക്രീനിങ് നടത്തേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവാനന്തര മാനസിക വൈകല്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനം.