സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ ‘പൊറാട്ട് നാടകം’ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഈ മാസം 18നാണ് സിനിമയുടെ റിലീസ്. മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളും പരിചയപ്പെടുത്തുന്ന രീതിയില്‍ എത്തിയിരിക്കുന്ന ട്രെയിലര്‍ പൊട്ടിച്ചിരിക്കാനുള്ള വക സമ്മാനിക്കുന്നതാണ്. തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രം. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ടു.