കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അറസ്റ്റിലായ അബ്ദുള്‍ സത്താറിനെ പോലീസ് എന്‍ഐഎക്കു കൈമാറി.
ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. തിങ്ങിനിറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. പവര്‍പ്ലേയില്‍ വെറും 17 റണ്‍സാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും നേടാനായത്. തുടക്കത്തിലേ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. 47.68 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും.
സംയുക്ത സേനാ മേധാവിയായി ലഫ് ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. പ്രഥമ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ച് ഒമ്പതു മാസത്തിനുശേഷമാണ് പുതിയ നിയമനം.
കോണ്‍ഗ്രസിനു കാലത്തിനനുസരിച്ച അധ്യക്ഷന്‍ വരുമെന്ന് എ.കെ ആന്റണി. ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്റണി പറഞ്ഞു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്റണിയുടെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമങ്ങള്‍ നടത്തിയതിന് ഇന്നലെ 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കി. പലയിടത്തും അമ്പതിനായിരം മുതല്‍ ലക്ഷത്തോളം ജനങ്ങളാണ് യാത്രയില്‍ അണി ചേര്‍ന്നത്.
സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ്നോന്‍ ബാധകമാക്കുമെന്ന് കെഎസ്ആര്‍ടിസി. ഒക്ടോബര്‍ അഞ്ചിനു മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ ശമ്പളം നല്‍കും. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.
കേന്ദ്രാനുമതി ഇല്ലാത്ത സില്‍വര്‍ ലൈന്‍ സര്‍വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഇല്ലാത്ത സര്‍വ്വെ ജനങ്ങളെ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പു നല്‍കി.