വായ വൃത്തിയായി കാത്തുസൂക്ഷിക്കുന്നത് പല്ലുകള്‍ക്കും മോണയ്ക്കും മാത്രമല്ല മസ്തിഷ്കത്തിനും ഗുണം ചെയ്യുമെന്ന് ഗവേഷകര്‍. ദന്താരോഗ്യം മോശമാകുന്നത് മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലുകൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാവുന്നതിന്റെ ലക്ഷണങ്ങളാണ്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എം ആര് ഐ സ്കാനിങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തുകയും ചെയ്തു. 2014 മുതല്‍ 2021 വരെ ഏകദേശം നാല്പതിനായിരം ആളുകളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. പുകവലി പോലെയുള്ള ശീലങ്ങള്‍ ദന്താരോഗ്യം വഷളാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പ്രമേഹം പോലുള്ള രോഗങ്ങളും അപൂര്‍വ്വമായി മാത്രം വ്യക്തികളുടെ ജനിതകഘടകയും ഇതിന് കാരണമായേക്കാം. കാവിറ്റിയോ പല്ലുകൊഴിച്ചിലോ ഒക്കെ വരാന്‍ സാധ്യതയുള്ളവരില്‍ സെറിബ്രോവാസ്കുലര്‍ രോഗങ്ങള്‍ക്കുമുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.