ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റിലും നിയമസഭയിലുമെല്ലാം വിചിത്ര ജനാധിപത്യ കാഴ്ചകളാണ് നാം ഈ ദിവസങ്ങളില്‍ കാണുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഗൊഗോയ് വിളികള്‍ മുതല്‍ കൈയാങ്കളികള്‍ വരെയുള്ള ഗുണ്ടായിസത്തിനുള്ള വേദികളാണ് ഇവയെല്ലാം. എല്ലാം ജനങ്ങളുടെ ചെലവില്‍. പാര്‍ലമെന്റില്‍ മാത്രമല്ല, നിയമസഭയിലും പ്രതിപക്ഷത്തിനു സംസാരിക്കാന്‍ അനുമതിയില്ല. എന്തെങ്കിലും സംസാരിച്ചാലോ രേഖകളില്‍നിന്നു നീക്കം ചെയ്യും. സഭാ ടീവികള്‍ അവയൊന്നും പുറത്തു കാണിക്കുകയുമില്ല. ഭരണാധികാരികളുടെ കൊള്ളയ്ക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുന്നതാണു ഭരണപക്ഷത്തിന്റെ വിജയം. പ്രതിപക്ഷത്തെ കേള്‍ക്കാന്‍ അദാനി വിഷയം അടക്കമുള്ള നിരവധി ഇടപാടുകളില്‍ കേന്ദ്രത്തിലുള്ള മോദി സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍തന്നെയാണ്. രാജ്യത്തേയും ജനങ്ങളേയും ബാധിക്കുന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ക്കു പിറകില്‍ മുറിക്കൈയന്‍ കോട്ടിട്ട താടിക്കാരുടെ കറുത്ത കരങ്ങളുണ്ടെന്നാണ് ആരോപണം. സംയുക്ത പാര്‍ലമെന്ററി സമതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തത് പിടിക്കപ്പെടുമെന്ന ഭയംമൂലമാണെന്നു പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷത്തിനു നേതൃത്വം നല്കുന്ന കോണ്‍ഗ്രസിലെ രാഹുല്‍ഗാന്ധി രാജ്യത്തെ ജനദ്രോഹങ്ങള്‍ക്കെതിരേ തുറന്നടിച്ചതിനു രാജ്യദ്രോഹിയെന്നു ചാപ്പകുത്തി തടി രക്ഷിക്കാനാണ് ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ ശ്രമം. ഒരുകാലത്തു ദേശദ്രോഹികളായിരുന്നവരുടെ പിന്മുറക്കാര്ക്ക് അതിനുള്ള അവകാശമുണ്ടോ.
അടിക്കടി റെയ്ഡ് നടത്തിയും ദിവസങ്ങളോളം ചോദ്യം ചെയ്തും വിമര്‍ശകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദിയും അമിത് ഷായും ബിജെപിയിലെ കൊള്ളസംഘങ്ങളെ സംരക്ഷിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കര്‍ണാടകത്തില്‍ കഴിഞ്ഞയാഴ്ച കണ്ടത്. ബിജെപി എംഎല്‍എ വിരൂപാക്ഷപ്പയുടേയും ഐഎഎസുകാരനായ മകന്റേയും വീട്ടില്‍നിന്ന് 20 കോടി രൂപയാണു കര്‍ണാടക ലോകായുക്ത പിടിച്ചെടുത്തത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും ഇതൊന്നും കണ്ടമട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്, സിബിഐ, എന്‍ഫോഴ്സ്മെന്റ്, ആദായ നികുതി വകുപ്പ് എന്നിവ മുതല്‍ ജഡീഷ്യറിവരെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആര്എസ്എസ്വതകരിക്കുകയാണെന്നതു പുതിയ ആരോപണമല്ല. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിമര്‍ശകരുടെ ഫോണ്‍ ചോര്‍ത്തിയതും പുതിയ വിശേഷമല്ല. കര്‍ണാടക അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഓപറേഷന് താമരയിലൂടെ കോടികള്‍ വാരിയെറിഞ്ഞ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങിയ കള്ളപ്പണ പാര്‍ട്ടിക്ക് എന്തു ജനാധിപത്യം? പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനു സംസാരിക്കാന്‍ അനുമതി നല്‍കാതേയും സംസാരിച്ചാല്‍തന്നെ അതു രേഖകളില്‍നിന്നു നീക്കം ചെയ്തും വിമര്‍ശനങ്ങളെ മറച്ചുവച്ചുമുള്ള ഭരണമാണ്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഈ ഭരണമെല്ലാം ലോകം കാണുന്നുണ്ട്. ഇത്തരം ജനവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കേമന്മാര് ചമയുന്ന കാലമാണിത്. അവരുടെ കേമത്തരമെല്ലാം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരെ രാജ്യദ്രോഹികളെന്നു വിളിച്ചുകൂവിയാല്‍ കൊള്ളയുടേയും കലാപങ്ങളുടേയും ചോരക്കറ മാഞ്ഞുപോകില്ല.
കേരള നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നിയമസഭാ സമാജികരുടെ കൂട്ടത്തല്ല്. പ്രതിപക്ഷത്തെ നാല് എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാരും നിയമസഭയിലെ ഭരണപക്ഷ ഗുണ്ടകളായ വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് അടിച്ചുവീഴ്ത്തി. വീണത് എംഎല്‍എമാരല്ല, ജനാധിപത്യമാണ്. ഷാഫി പറമ്പിലിനെ നിയമസഭയില്‍ തോല്‍വി ഭീഷണി മഴക്കിയ സ്പീക്കര്‍ നീതി പാലിക്കണമെ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സമരത്തിന് എത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൈയേറ്റം ചെയ്തു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ബൂട്ടിട്ടു ചവിട്ടേറ്റു കുഴഞ്ഞുവീണ സനീഷ്കുമാര് ജോസഫിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കേണ്ട അവസഥയായി. ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീയിട്ട് എറണാകുളം ജില്ലയിലെ ജനങ്ങളെ രണ്ടാഴ്ച വിഷപ്പുകയില്‍ വീര്‍പ്പുമുട്ടിച്ചു രോഗികളാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല ഈ കൈയാങ്കളിക്കു കാരണം. അഴിമതിയുടെ മാലിന്യമലയാണ് ബ്രഹ്മപുരത്ത് വിഷപ്പുകയുമായി രണ്ടാഴ്ച കത്തിയത്. മാലിന്യ നിര്‍മാര്‍ജനം മുതല്‍ വ്യവസായവത്കരണവും വൈസ് ചാന്‍സലര്‍ നിയമനം വരെയുള്ള എല്ലാം ഇപ്പോള്‍ സിപിഎമ്മിന്റെ സംരംഭങ്ങളാണ്. സ്വജനപക്ഷപാതവും അഴിമതിയും മാത്രം. ബ്രഹ്മപുരത്തെ വിശേഷങ്ങള്‍ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ എങ്ങനെ എഴുതണമെന്നു മാത്രം പറഞ്ഞുകൊടുത്താല്‍ മതി. മാലിന്യസംസ്കരണ പ്ലാന്റുകള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വീതിച്ചു നല്കാന് ഏതാനും വര്‍ഷമായി സര്‍ക്കാര്‍ അധ്വാനിക്കുകയാണ്. സ്വര്‍ണക്കനി കട്ടുതിന്ന ശിവശങ്കരന് തന്നെയാണ് അതിനു പിറകിലെ ബുദ്ധി. ബ്രഹ്മപുരത്തെ വിഷപ്പുകയുടെ മറവില്‍ അതെല്ലാം എളുപ്പത്തില്‍ നടപ്പാക്കാം. ഇങ്ങനെയുള്ള കുറുക്കു വഴികള്ക്കിടിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസംഗങ്ങള്‍ ഹിറ്റാകുന്നത്. മാഷിന്റെ കേഡര്‍ സ്റ്റഡി ക്ലാസുകള്‍ കേട്ട് കോരിത്തരിച്ച സഖാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കോമഡി വേര്‍ഷനുകള്‍ കേട്ട് ഞെട്ടിത്തരിക്കാതെ പൊട്ടിച്ചിരിക്കുകയാണ്. നല്ല കോമഡികളിലൂടേയും ജനാധിപത്യത്തെ പുഷ്പിച്ചെടുക്കാം.
