നേപ്പാളില്‍ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ വിമാനം തകര്‍ന്നുവീണത് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 19 പേരുണ്ടായിരുന്ന വിമാനത്തിൽ 18 പേരും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ചികിത്സയിലാണ്. വിമാനദുരത്തിന് പിന്നാലെ ചർച്ചയാവുന്നത് ടേബിള്‍ ടോപ് റണ്‍വേകളും അവയിലെ അപകടസാധ്യതകളുമാണ്. ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ് ടേബിള്‍ ടോപ് റണ്‍വേകൾ. അതിനാല്‍ത്തന്നെ ഈ റണ്‍വേയുടെ ഒന്നോ അതില്‍ അധികമോ വശത്ത് കുത്തനെ താഴ്ചയുണ്ടാകും. പൈലറ്റിന്റെ ചെറിയൊരു അശ്രദ്ധപോലും വലിയദുരന്തത്തിലേക്ക് വഴിവെക്കുകയും ചെയ്തേക്കാം.