എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനയുണ്ട്.