kannur uni 1A

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചതിനെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. തെളിവുകളുണ്ടോയെന്നു ചോദിച്ച് ഹൈക്കോടതി തള്ളിയ പരാതിയാണിത്.

കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു തിരിച്ചടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്ഭവന്‍ ഹാജരാക്കണം. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി 31 ന് പരിഗണിക്കും.

മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന സുരേഷ്. എഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെയാണ് വെളിപെടുത്തല്‍. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടാനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍  ചര്‍ച്ച നടത്തിയാണ് നിയമിച്ചത്. തെളിവ് എന്‍ഫോഴ്സമെന്റിനു നല്‍കിയെങ്കിലും അവരേയും മുഖ്യമന്ത്രി സ്വാധീനിച്ചെന്നും സ്വപ്ന ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു നാം ജീവിക്കുന്നതെന്നു മറക്കരുത്. വിദ്വേഷ പ്രസംഗങ്ങള്‍ മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല. കോടതി നിരീക്ഷിച്ചു.

ചൊവ്വാഴ്ച വരെ മഴ തുടരും. ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം മൂലമാണ് മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണ്. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനെതിരേ പ്രചാരണം വേണമെന്നാണ് തീരുമാനം.

മഞ്ചേശ്വരത്ത് ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് 59 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തല്‍ നിര്‍മിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൂര്‍ ഗവണമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.

മുന്‍കൂര്‍ ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ വേറേയും കേസുകള്‍. പരാതിക്കാരിയെ നവമാധ്യമങ്ങള്‍വഴി അപമാനിച്ചെന്ന കേസില്‍ ഉടനേ നടപടിക്കു സാധ്യത. ബലാല്‍സംഗ കേസില്‍ ഇന്നു രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനാണ് കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ പത്തു ദിവസം ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.

രാജ്യമെങ്ങും ദീപാവലിക്ക് ഒരുങ്ങി. മധുരപലഹാരങ്ങള്‍ സമ്മാനിച്ചും ആശംസകള്‍ കൈമാറിയും ദീപാവലി ആഘോഷത്തിന്റെ തിരക്കിലേക്കു മലയാളികളും. ബേക്കറികളിലും ദീപാലങ്കാര ശാലകളിലും വസ്ത്രശാലകളിലും ദീപാവലിത്തിരക്കാണ്. തിങ്കളാഴ്ചയാണു ദീപാവലി.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 15 ന് തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  2.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലം കേരളത്തിലെ ഏറ്റവും വലിയ ആകാശപാതയാണ്. 61 തൂണുകളിന്മേല്‍ നിര്‍മിച്ച ആകാശപാതയ്ക്ക് 200 കോടി രൂപയാണു നിര്‍മാണ ചെലവ്.

ഇരട്ട നരബലി കേസിലെ പ്രതികളെ വീണ്ടും കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മുഹമ്മദ് ഷാഫിയെയും ഭഗവത് സിംഗിനെയും ആണ് വീട്ടിലെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തി.

പൊലീസുകാരന്‍ ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസുപോലും ഒത്തുതീര്‍പ്പാക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള പൊലീസിനെ നിര്‍വീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തര വകുപ്പിനെ പിണറായി പാര്‍ട്ടിക്കാര്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലര്‍ന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നിര്‍ത്തി. 21 ലക്കങ്ങള്‍ പിന്നിട്ട ആത്മകഥ അപ്രതീക്ഷിതമായാണു നിര്‍ത്തുന്നതായി പത്രാധിപ സമിതി അറിയിച്ചത്.

കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നതും അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുവരും നിലത്ത് വീണു. വിഷ്ണുവിന്റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *