ഷിവാസ് റീഗല്‍, അബ്സല്യൂട്ട് വോഡ്ക എന്നീ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ പെര്‍ണോള്‍ഡ് റിക്കാര്‍ഡ് സൗത്ത് ഏഷ്യ ഇന്ത്യയില്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ടേഴ്സ് പ്രൈഡ്, 100 പൈപ്പേഴ്സ്, റോയല്‍ സല്യൂട്ട് തുടങ്ങി പത്തോളം ബ്രാന്‍ഡുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. 1,500ലേറെ ജീവനക്കാരും 24 നിര്‍മാണ യൂണിറ്റുകളും കമ്പനിക്ക് ഇന്ത്യയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിനെ തിലക്നഗര്‍ ഇന്‍ഡസ്ട്രീസിന് വിറ്റത്. 4,150 കോടി രൂപയുടേതായിരുന്നു ഇടപാട്. 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ വലിയ വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. പ്രീമിയം ബ്രാന്‍ഡുകള്‍ രണ്ടക്കത്തിനടുത്ത് വളര്‍ച്ച രേഖപ്പെടുത്തി.
