രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. രാഹുല്‍ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമര്‍ശം പിന്‍വലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്ന് പിരിഞ്ഞു.രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കുക, അദാനി വിഷയത്തില്‍ ചര്‍ച്ച തുടരുക എന്നീ വിഷയങ്ങളുമായി ചോദ്യോത്തര വേള തടസപ്പെടുത്തി പ്രതിപക്ഷം ലോക്സഭയില്‍ മുദ്രാവാക്യമുയര്‍ത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും, സഭ നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയോതോടെ പ്രതിപക്ഷം ബഹളമായി.രണ്ട് മണിവരെ നിര്‍ത്തിവച്ച ലോക് സഭ വീണ്ടും ചേർന്നപ്പോള്‍ ഭരണ പ്രതിപക്ഷ ബഹളം ഉയര്‍ന്നു. നടുത്തളത്തിലിറങ്ങി പ്ലക്കാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.തുടര്‍ന്ന് ലോക്സഭ സഭ നാളത്തേക്ക് പിരിഞ്ഞു. ഓസ്കാര്‍ ജേതാക്കളെ അഭിനന്ദിച്ചതിന് ശേഷം നടപടികളിലേക്ക് കടന്ന രാജ്യസഭയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണകക്ഷി നേതാവ് മന്ത്രി പിയൂഷ് ഗോയല്‍ ഉന്നയിച്ചു. കഴിഞ്ഞ ദിവസത്തെ വിഷയം ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷം ശബ്ദമുയര്‍ത്തി. രാഹുല്‍ രാജ്യദ്രോഹം നടത്തിയെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രണ്ട് മണിവരെ നിര്‍ത്തിവച്ച രാജ്യസഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു.
‘