വീൽചെയര്‍ ഭീഷണി വിവാദത്തിൽ പാണക്കാട് മുഈൻ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ്. വിവാദ കേസിൽ പോലീസ് നടപടി എത്രയും വേഗം ആക്കണമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എ സലാം ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയതാണ്. ലീഗിന്റെ നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
മുഈന്‍ അലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി വെള്ളിയാഴ്ചയാണ് ശബ്ദ സന്ദേശങ്ങളെത്തിയത്. സമുദായ നേതാക്കളെ വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണ് ശബ്ദ സന്ദേശത്തിൽ ഉള്ളത്. ഇതിനോടൊപ്പം തന്നെ വധഭീഷണിയും ഉണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈന്‍ അലി തങ്ങള്‍ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.