പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഗാന്ധിയൻ വിപി അപ്പുക്കുട്ടൻ പൊതുവാൾ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി. പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയാണ്. 20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പദ്മവിഭൂഷൺ. 5 കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ഒആർഎസ് ലായനിയുടെ കണ്ടുപിടിത്തം തന്നെയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവർത്തകൻ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്നാട്ടുകാരായ പാമ്പ് പിടുത്തക്കാർ വടിവേൽ ഗോപാലും മാസി സദയാനും, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവകൃഷിക്കാരൻ നെക്രാം ശർമ്മ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ദ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ കുർകലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കർണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്ഗഡ് സ്വദേശി ദൊമർ സിങ് കുൻവർ തുടങ്ങിയവരും പദ്മശ്രീ പുരസ്കാരത്തിന് അർഹരായി.