election 4

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതിനെതിരെ പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങക്കുള്ള സാമ്പത്തിക ചിലവ് സംബന്ധിച്ച്  സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമായണ് പ്രതിപക്ഷ പാർട്ടികളുടെ  പ്രതികരണം .

സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ്  പ്രതിപക്ഷ നേതാക്കളെ നീക്കിയത്. കോൺഗ്രസിന്  പാർലമെന്ററി സമിതിയുടെ  അധ്യക്ഷ പദം മാത്രമാണ് ഇപ്പോൾ ഉള്ളത്.ആഭ്യന്തര കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ശശി തരൂർ നയിച്ച ഐടി കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായി ശിവസേനയിലെ അംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശനം ഉന്നയിച്ചു.

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമറിയിച്ച് ഐ എം എ . അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും . ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പറഞ്ഞ ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു.  ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  ഗൈനക്കോളേജിസ്റ്റുകളായ, ഡോ.പ്രിയദർശനി, ഡോ.നിള, ഡോ.അജിത് എന്നിവരെ പലക്കാട് ടൗൺ സൌത്ത് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു.

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വൻതോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തിൽ മുംബൈ മലയാളി വിജിൻ വർഗീസ് പിടിയിൽ.സെപ്റ്റംബർ 30 ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. 198 കിലോ മെത്തും 9 കിലോ കൊക്കെയ്‍നുമാണ് പിടികൂടിയത്.ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നായിരുന്നു രേഖകളിൽ കാണിച്ചിരുന്നത്. വിജിന്‍റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനെതിരായ റഷ്യൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈന്‍-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം സെലെൻസ്‌കി പ്രധാനമന്ത്രി മോദിയോട്  പറഞ്ഞു. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. റഷ്യയില്‍ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചു.കൂടാതെ മോദിയെ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ സെലെൻസ്‌കി ക്ഷണിക്കുകയും ചെയ്തു. ശത്രുത  അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉത്തരകൊറിയ ജപ്പാനിലേക്ക് നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ തൊടുത്തുവിട്ടു. ഇതിനു പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും ഉണ്ടായി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തര കൊറിയയുടെ ഈ മിസൈൽ പരീക്ഷണത്തെ നിശിതമായ ഭാഷയിൽ വിമർശിച്ചു.
https://youtu.be/9dr9TjGd2wo

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *