പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ജനുവരി ഏഴിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുക. ഇതിനോടകം തന്നെ ചൈനയില്‍ ഈ ഫോണ്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഒക്ടോബറിലാണ് ചൈനയില്‍ ഫോണ്‍ ലോഞ്ച് ചെയ്തത്. പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് ആണ് ഇതിന് കരുത്ത് പകരുക. ബ്ലാക്ക് എക്ലിപ്‌സ്, ആര്‍ട്ടിക് ഡോണ്‍, മിഡ്‌നൈറ്റ് ഓഷ്യന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഫോണിന്റെ പിന്നില്‍ മൈക്രോ-ഫൈബര്‍ വീഗന്‍ ലെതര്‍ ഡിസൈന്‍ ആണ് മിഡ്‌നൈറ്റ് ഓഷ്യന്‍ വേരിയന്റിന്റെ ഫീച്ചര്‍. അതേസമയം ആര്‍ട്ടിക് ഡോണ്‍ വേരിയന്റില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. നനഞ്ഞ കൈ ഉപയോഗിച്ച് പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ശൈത്യകാലത്തും ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ കഴിയുംവിധം ഗ്ലൗസ് കോംപാറ്റിബിലിറ്റി ഫീച്ചറും ഇതിലുണ്ട്. ഡൈനാമിക് ഹൈ റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത.