പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ഹൈക്കോടതി വിമര്‍ശിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും വിവാഹമോചനത്തെക്കുറിച്ചുള്ള നിയമനിർമ്മാണം കക്ഷികളെ കേന്ദ്രീകരിച്ചായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദമ്പതികൾ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതിയിൽ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.