പഴയ പൊള്ളല്‍ പാടുകള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ ആയി മാറാമെന്ന് ഗവേഷകര്‍. മാര്‍ജോളിന്‍സ് അള്‍സര്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു തരം സ്‌കിന്‍ കാന്‍സറിനെ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പഴയ മുറിവുകള്‍, പൊള്ളലേറ്റ പാടുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത അള്‍സറുകള്‍ എന്നിവയില്‍ നിന്ന് വികസിക്കാവുന്ന അപൂര്‍വമായ ഒരു തരം ത്വക്ക് അര്‍ബുദമാണ് മാര്‍ജോളിസ് അള്‍സര്‍. പൊള്ളലേറ്റ പാടുകളില്‍ വര്‍ഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന ഭാഗങ്ങളില്‍ ചിലപ്പോള്‍ കോശങ്ങളില്‍ അസാധാരണ വളര്‍ച്ചയ്ക്ക് കാരണമാകാം. അതാണ് പിന്നീട് കാന്‍സറായി മാറുന്നത്. മാര്‍ജോളിന്‍സ് അള്‍സര്‍ സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. പൊള്ളലേറ്റ് പാടുകളില്‍ നിന്ന് കാന്‍സര്‍ രൂപപ്പെടാന്‍ 10 മുതല്‍ 40 വര്‍ഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ പഴയ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെങ്കില്‍ വര്‍ഷങ്ങളായാലും അവയെ അവഗണിക്കരുത്. ഏകദേശം രണ്ട് ശതമാനം പൊള്ളല്‍ പാടുകളില്‍ കണ്ടുവരുന്ന ഈ രോഗാവസ്ഥ ചര്‍മത്തിലെ മറ്റ് അര്‍ബുദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ്. പൊള്ളലേറ്റ പാടുള്ള ഭാഗത്തെ മുറിവ് വീണ്ടും പൊട്ടുക, ഭേദമാകാതെ നീണ്ടുനില്‍ക്കുന്ന മുറിവ്, പൊള്ളലേറ്റ പാടില്‍ അസാധാരണ വളര്‍ച്ച അല്ലെങ്കില്‍ കട്ട പോലെ ഉണ്ടാവുക, രക്തസ്രാവം, ദുര്‍ഗന്ധമുള്ള സ്രാവം, നിറം മാറുക, കടുത്ത വേദന അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
പഴയ പൊള്ളല്‍ പാടുകള്‍ കാന്‍സര്‍ ആയി മാറാം
