പതിമൂന്ന് വ്യത്യസ്ത തരം അര്‍ബുദങ്ങളിലേക്ക് അമിതവണ്ണം നയിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. അന്നനാളം, വയര്‍, കരള്‍, പാന്‍ക്രിയാസ്, കൊളോണ്‍,റെക്ടം, ഗാള്‍ ബ്ലാഡര്‍, വൃക്ക, തൈറോയ്ഡ് എന്നിവിടങ്ങളില്‍ അര്‍ബുദത്തിനുള്ള സാധ്യത അമിതവണ്ണക്കാരില്‍ 1.5 മുതല്‍ നാല് മടങ്ങു വരെ അധികമാണെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പുറത്തു വിട്ട വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണക്കാരായ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന സംബന്ധമായ അവയവങ്ങളില്‍ ഉണ്ടാകുന്ന എന്‍ഡോമെട്രിയല്‍ പോലുള്ള അര്‍ബുദങ്ങള്‍ക്ക് നാലു മുതല്‍ ഏഴ് മടങ്ങു വരെ സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് സ്താനാര്‍ബുദത്തിനുള്ള സാധ്യത ഒന്നര മടങ്ങും അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 1.1 മടങ്ങും അധികമാണ്. അമിതവണ്ണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദവും പുരുഷന്മാര്‍ക്ക് കോളോറെക്ടല്‍ അര്‍ബുദവും വരാനുള്ള സാധ്യത അമിതവണ്ണമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം അധികമാണ്. പല തരത്തില്‍ അമിതവണ്ണം അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാം. മനുഷ്യശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ കൂടിയ അളവില്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കാറുണ്ട്. ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം എന്നിവയ്ക്ക് കാരണമാകാം. അമിതവണ്ണക്കാരില്‍ ഉയര്‍ന്ന തോതില്‍ ഇന്‍സുലിനും ഇന്‍സുലിന്‍ ലൈക് ഗ്രോത്ത് ഫാക്ടറും ഉണ്ടാകുന്നത് കൊളോറെക്ടല്‍, വൃക്ക, പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ നിരന്തരമായ നീര്‍ക്കെട്ടിനും അമിതവണ്ണം കാരണമാകാറുണ്ട്. ഇതും അര്‍ബുദരോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.