കുട്ടിക്കാലത്ത് പഴങ്ങളും ഓട്സും കമ്പ് പോലുള്ള ധാന്യങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. അതേ സമയം സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക് കറന്റ് പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ജനിതകപരമായി ടൈപ്പ് 1 പ്രമേഹ സാധ്യതയുള്ള 5674 കുട്ടികളെ ജനനം മുതല്‍ ആറ് വയസ്സ് വരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ബെറിപഴങ്ങളില് അടങ്ങിയ പോളിഫെനോളുകള്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതാണ് ടൈപ്പ് 1 പ്രമേഹസാധ്യതയെ തടുക്കുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഓട്സ്, പഴങ്ങള്‍, ഗോതമ്പ് എന്നിവ ഉയര്‍ന്ന പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ബ്രോക്കളി, കോളിഫ്ളവര്‍ പോലുള്ള പച്ചക്കറികള്‍ ഇതിന്റെ സാധ്യത കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണക്രമ ശുപാര്‍ശകള്‍ നടത്താനാകില്ലെന്നും അതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.