വലിയ ആവശേമില്ലാതെ ലിസ്റ്റ് ചെയ്ത എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിക്ക് വിപണിയില്‍ വന്‍ കുതിപ്പ്. ഐ.പി.ഒയുടെ ഇഷ്യു വിലയേക്കാള്‍ 3.2 ശതമാനം ഉയര്‍ന്ന് 111.50 രൂപയിലായിരുന്നു എന്‍.എസ്.ഇയില്‍ ഓഹരിയുടെ ലിസ്റ്റിംഗ്. ബി.എസ്.ഇയില്‍ 3.3 ശതമാനം ഉയര്‍ന്ന് 111.60 രൂപയിലും. പിന്നീട് വ്യാപാരം തുടങ്ങിയ ഓഹരി 13.56 ശതമാനം ഉയര്‍ന്ന് വില 122.65 രൂപയിലെത്തി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക കമ്പനിയായ എന്‍.ടി.പി.സിയുടെ സബ്സിഡിയറിയാണ് എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി. നവംബര്‍ 19 മുതല്‍ 22 വരെ നടന്ന ഐ.പി.ഐയ്ക്ക് 2.55 മടങ്ങാണ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചത്. 10,000 കോടി രൂപയാണ് ഐ.പി.ഒ വഴി എന്‍.ടി.പി.സി സമാഹരിച്ചത്. 2022ല്‍ എല്‍.ഐ.സി നടത്തിയ 21,000കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ശേഷം ഒരു പൊതുമേഖലാ കമ്പനി നടത്തുന്ന ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആണിത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനം 2,037.65 കോടി രൂപയും ലാഭം 344.72 കോടി രൂപയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 1,132.73 കോടി രൂപ വരുമാനവും 175.3 കോടി രൂപ ലാഭവും രേഖപ്പെടുത്തി.