Untitled design 20250112 193040 0000

 

സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.

വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ കൂടിയാണെന്നും, അവിടെ ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കിയും, ‘സദ്ഭരണ ദിനം’ എന്ന പേരിൽ അവധി ദിനത്തെ പ്രവൃത്തി ദിനമാക്കി മാറ്റിയും ജനങ്ങളുടെ ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് പോയത്. അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കടുത്ത തീരുമാനം ഉണ്ടായത്. 30 കോടി രൂപയ്ക്കടുത്ത് ആണ് കുടിശ്ശിക.

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും.

മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കുകയുള്ളൂ. രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്.

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചിരുന്നു. ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്‍റെ സന്തോഷം അറിയിച്ച് പി വി അൻവർ. യു ഡി എഫിൽ അസോസിയേറ്റ് അംഗമായി പി വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്നലെയാണ് ഉൾപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ന് നേരിൽ കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. സന്ദർശനത്തിന്‍റെ വീഡിയോ പി വി അൻവർ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്

2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.

കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല.ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചെന്നും ഒരു വിഷമവുമില്ല, പാർട്ടിക്ക് ഒപ്പം നില്കും. മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്. ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെ. എന്നും ദീപ്തി പറഞ്ഞു.

പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കേരള സർക്കാർ നൽകി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സി.ബി.എസ്.ഇ. സെക്രട്ടറിക്കും കേരള റീജണൽ ഡയറക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫീൽഡ് തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യമന്ത്രിയുടെനേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പോഡ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് യുവസംരഭകരുടെ സംഘടനയായ യംങ് ഇന്ത്യൻസുമായി സഹകരിച്ചാണ് പദ്ധതി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപിയും യംങ് ഇന്ത്യ പ്രതിനിധിയുമായി ധാരണപത്രം കൈമാറി.

പാലക്കാട് പുതുശേരിയില്‍ കരോൾ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. മദ്യപിച്ചാണ് കരോൾ നടത്തിയതെന്നാണ് കൃഷ്ണകുമാറിന്‍റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്‍റെ വിശദീകരണം.

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു.അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്താനാണ് സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ശ്രമങ്ങൾ വിഫലം. അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. 40 വയസ്സായിരുന്നു. കൊല്ലം സ്വദേശിയാണ്. എറണാകുളം ഉദയംപേരൂരിലായിരുന്നു അപകടം ഉണ്ടായത്. ലിനുവിന്റെ ജീവൻ രക്ഷിക്കാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുട ശ്രമങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.

ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്. സംഭവത്തില്‍ തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശിയായ രതീഷ് കെ ആർ (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് രതീഷ്.

വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. എസ്‍സി – എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക സർവീസ് നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് കൊല്ലം വരെയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്.

അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തൽ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.

അയൽ സംസ്ഥാനങ്ങൾ നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിൽ എല്ലാം മുന്നേറുമ്പോൾ കേരളം എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്ന് ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്‍റെയും കോൺഗ്രസിന്റെയും ‘കേരള മോഡൽ’ കേരളത്തെ പരാജയപ്പെടുത്തി. ഇവിടെയുള്ള ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ പരാജയപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി. വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സമ്മതിക്കുന്നത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കി. കേരള രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്‍റെ ഭാഗമല്ലെന്നാണ് ആർ ബിന്ദുവിന്‍റെ വിശദീകരണം. അനിൽകുമാറിന്‍റെ അപേക്ഷയിലാണ് നടപടി എന്ന് മന്ത്രി പറയുന്നു.

യൂറോപ്യൻ യൂണിയൻ യുക്രൈയ്ന് ഫണ്ട് ഉറപ്പിച്ചു. പക്ഷേ, അത് റഷ്യൻ ആസ്തികളിൽ നിന്നല്ല. ആ പദ്ധതി ഉപേക്ഷിച്ചു. ബെൽജിയത്തിന്‍റെ എതിർപ്പാണ് കാരണം. യുക്രൈയ്ന് രണ്ട് വർഷത്തേക്കുള്ള പണമായി. യുക്രൈയ്ൻ വിഷയത്തിൽ ഇളവുകളില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കയാണ് റഷ്യൻ പ്രസിഡന്‍റ്. പക്ഷേ, ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കീവിലെ തെരഞ്ഞെടുപ്പ് അടക്കം.

മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.

രാജസ്ഥാനിൽ സ്ത്രീകൾ ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഖാപ് പഞ്ചായത്ത്. ജലോറിലെ 15 ഗ്രാമങ്ങളിലാണ് ഖാപ് പഞ്ചായത്ത് സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. പുറത്തു പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും സ്ത്രീകൾ വീടുകളിൽ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കണം എന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്.മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാനാണ് തീരുമാനമെന്ന് ഖാപ് പഞ്ചായത്ത് അധ്യക്ഷൻ വ്യക്തമാക്കി.

രാജ്യത്ത് വലിയ തോതിൽ ചർച്ചയായ മുഹമ്മദ് അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ ഉത്തർ പ്രദേശ് സർക്കാരിന് കോടതിയിൽ വലിയ തിരിച്ചടി. പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള സർക്കാരിന്‍റെ അപേക്ഷ കോടതി തള്ളി. നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതിയാണ് ഹർജി തള്ളിക്കളഞ്ഞത്. വിചാരണ വേഗത്തിൽ ആക്കാനും കോടതി നിർദ്ദേശം നൽകി. ദിവസേന വാദം കേട്ട് വിചാരണ പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യു പി ദാദ്രിയില്‍ അഖ്‍ലഖിന്‍റെ വീട്ടിൽ പശുഇറച്ചി സ‍ൂക്ഷിച്ചെന്ന്‌ പ്രചരിപ്പിച്ചാണ്‌ 2015 സെപ്‌തംബർ 28 ന്‌ ആൾക്കൂട്ടം കൊലപ്പെടുത്തിയത്‌.

കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തിൽ വന്നു. വിസ ഫീസുകൾ, സന്ദർശക വിസകൾ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ എന്നിവയിൽ നിർണ്ണായകമായ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എൻട്രി വിസകൾക്കും സന്ദർശക വിസകൾക്കും ഇനി മുതൽ മാസത്തിൽ 10 കുവൈത്ത് ദിനാർ വീതം ഫീസ് ഈടാക്കും.

ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. എന്നാൽ, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്നും കോൺഗ്രസ് ഭരണകാലത്താണ് ഖനന മാഫിയെ സഹായിച്ചതെന്നും ബിജെപി തിരിച്ചടിച്ചു.

ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാകിസ്താൻ മുസ്‌ലിം ലീഗ് (പിഎംഎൽ) യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പാകിസ്താന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *