ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം പ്രതിവര്‍ഷം 3,400 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ടെക്സ്‌റ്റൈല്‍, പാദരക്ഷകള്‍, ജെംസ്, ജുവലറി, എഞ്ചിനിയറിംഗ് എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകും. ഇവയില്‍ പലതും നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെയും നികുതി ഇന്ത്യ കുറക്കും. വിസ്‌കി, ജിന്‍, ഓട്ടോമൊബൈല്‍ എന്നിവയിലാണ് പ്രധാന ഇളവുകള്‍. വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ആദ്യഘട്ടത്തില്‍ കുറക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായും കുറക്കും. യുകെയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറക്കും. ഇന്ത്യയില്‍ നിന്നുള്ള ടെക്സ്‌റ്റൈല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവക്കാണ് പ്രധാനമായും യുകെ ഇളവുകള്‍ ലഭിക്കുന്നത്. എഐ, എയ്റോസ്പേസ്, ഡയറി മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്. യുകെയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സോഷ്യല്‍ സെക്യൂരിറ്റി പെയ്മെന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. യുകെയില്‍ 36 മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക പരിശോധന കൂടാതെ പ്രവര്‍ത്തന അനുമതി നല്‍കും.