ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
എംപിയായി പ്രവർത്തിച്ച കാലത്തേക്കാൾ എംഎൽഎയായി പ്രവർത്തിച്ച കാലമാണ് ജനങ്ങളെ കൂടുതൽ സേവിക്കാനായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക് പകരക്കാരനായി നല്ലൊരു പേര് തൃശൂരിലേയ്ക്കായി തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ല’. ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള ‘വിന്നിംഗ് കാൻഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയേയും ശശി തരൂരിനേയും കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞ അഭിപ്രായങ്ങൾക്ക് മറുപടിയായി പ്രതാപൻ പറഞ്ഞത്, ആര് സ്ഥാനാർത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകരുത്. കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദ്ദേശാനുസരണം സ്ഥാമനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല എന്ന് മത-സാമുദായിക സംഘടനകൾ ഓർക്കുന്നത് നല്ലതാണെന്നും പ്രതാപൻ പറഞ്ഞു.