നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. 150 നാവിക സേന അംഗങ്ങളാണ് രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചത്. ഐഎൻ എസ് കൊൽക്കത്ത ഗണ്‍ സല്യൂട്ട് നൽകി.

 

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺ​ഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതി പോലും ഇല്ലാതിരുന്നിട്ടും പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നു. വിഷയത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാ​ഗതാർഹമായിരുന്നെന്നും ഷമ പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പപരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു. കർഷക സമരത്ത് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു.

 

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട്‌ കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു.

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അം​ഗീകരിച്ചിട്ടില്ലെന്നും ലസിത പറഞ്ഞു. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേർത്തു.

 

ബലാത്സം​ഗക്കേസിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഎം സുധീരനും. രാഹുൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ പറഞ്ഞു. ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരൻ പറഞ്ഞു.

 

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളിൽ പ്രതികരണവുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിനോട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി.

 

രാഹുൽ മാങ്കൂട്ടത്തിൽ വിവാ​ദം കത്തി നിൽക്കെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ്. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു.

 

ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെത്തുട‍ർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും മുദ്രവെച്ച കവറിൽ എസ് ഐ ടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് എസ് ഐ ടിയോട് നിർദേശിച്ചു.

 

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം നീട്ടി കെപിസിസി. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാൻ കാരണം. ഇന്നലെ നടപടിക്ക് നിർദേശിച്ച ഹൈക്കമാൻറിന് തീരുമാനം വൈകുന്നതിൽ അതൃപ്തിയുണ്ട്. അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

 

ശബരിമല മോഷണത്തിന് ജയിലിലായ സിപിഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ചൊവ്വാഴ്ച വൈകീട്ട് മല്ലപ്പള്ളിയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സമ​ഗ്ര ശിക്ഷ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്. 2022 മുതൽ ഇതുവരെ 1572.75 കോടി രൂപ കേരളത്തിന് നൽകാമെന്ന് അറിയിച്ചെങ്കിലും 412.23 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചത് 92.41 കോടി, പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഈ തുക നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പണം അനുവദിക്കാതിരുന്നത്.

 

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌.

 

വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് കേരളത്തിൽ 9 ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

 

ഇടുക്കി തോക്കുപാറായിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കൽ അനൂപ് – ജോൽസി ദമ്പതികളുടെ മകൻ ആഡ്ബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ. സംഭവതത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചു കൊന്നതായി കേസ്. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

 

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺ​ഗ്രസിനും പങ്കുണ്ടെന്ന് എംഎൽഎ ടി. സിദ്ദിഖ്. രാഹുൽ ​ഗാന്ധിയടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടാണ് കർണാടക സർക്കാർ 20 കോടി രൂപ നൽകിയത്. രമേശ് ചെന്നിത്തലയുൾപ്പെടെ ഞാനുൾപ്പെടെ മുഴുവൻ പാർലമെന്ററി പാർട്ടി അം​ഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാറിന് നൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാറിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ട. സർക്കാർ എല്ലാവരുടേതുമാണ്. അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തുടനീളമുള്ള റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ വലിയ രീതിയിൽ നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. 17 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ അധികാരപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് ചായ വിൽക്കുന്നതായി കാണിക്കുന്ന എഐ വീഡിയോ കോൺഗ്രസ് നേതാവ് പങ്കുവെച്ചത് വിവാദത്തിൽ. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഈ വീഡിയോയെ ശക്തമായി അപലപിച്ചു. കോൺഗ്രസ് നേതാവ് രാഗിണി നായക് ആണ് ‘ഇതാര് ചെയ്‌തതാ?’ എന്ന അടിക്കുറിപ്പോടെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്.

 

 

സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിൻവലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.

 

ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി. സുനാലി ഖാത്തൂണിനെയും സ്വീറ്റി ബീബിയെയും അവരുടെ കുടുംബങ്ങളെയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള സർക്കാർ നീക്കം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ സെപ്റ്റംബർ 26 ലെ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി

 

പാക് സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി അലീമ ഖാൻ. പാക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഇമ്രാൻ ഖാൻ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് അലീമ പറഞ്ഞത്. അസിം മുനീറിനെ തീവ്ര ഇസ്ലാമിസ്റ്റ് എന്നും അലീമ വിശേഷിപ്പിച്ചു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *