Untitled design 20250112 193040 0000

 

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.

 

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നത്.

 

ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ.കാലാവധി നീട്ടി നിൽക്കുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാസു കുടുങ്ങുന്നതോടെ സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങും. നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ​ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

 

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈൻ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനിൽ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്ന് മുഖ്യതെരഞ്ഞെുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റു ജീവനക്കാരെ ബിഎൽഒമാരാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി.

 

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു.

 

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാർ സഭ. ഇടവകാം​ഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

 

സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ഹൈക്കോടതി റിട്ട. ജഡ്ജ് സി.എൻ. രാമചന്ദ്രൻ നായരാണ് ചെയർമാൻ. സെബാസ്റ്റ്യൻ ചൂണ്ടൽ, ജി.രതികുമാർ എന്നിവർ അംഗങ്ങളാകും.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും സ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും മറ്റ് ഡോക്ടർമാരുടേയും ഉൾപ്പെടെയാണ് 202 തസ്തികകൾ സൃഷ്ടിച്ചത്.

 

ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര കെ അംബിക ദേവിക്ക്. ഗുരുവായൂർ ദേവസ്വം നൽകുന്ന പുരസ്കാരമാണിത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

 

മന്ത്രി സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ്‌ മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് അവാർഡെന്നും അദ്ദേഹം പറഞ്ഞു. വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞിരുന്നു.

 

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്‍റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ആര്‍ ബിന്ദു വ്യക്തമാക്കി. ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു.

 

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

 

മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.

 

അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തൈക്കാട് ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ‘പുസ്തകത്തൊട്ടിൽ’ എന്ന ആകർഷകമായ പരിപാടിക്ക് തുടക്കം കുറിച്ചു. വരും തലമുറകൾക്ക് അറിവ് പകരാൻ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം.

 

പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സർവ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു. കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയൻ എസ്എഫ്ഐക്കാണ്.

 

ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിവാദ പരാമർശവുമായി എംഎൽഎയും മുംബൈയിലെ ബിജെപി അധ്യക്ഷനുമായ അമിത് സതം.’ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാൻ അനുവദിക്കില്ല’എന്നാണ് അമിത് സതം പറഞ്ഞത്. അന്ധേരി വെസ്റ്റ് എംഎൽഎയാണ് അമിത് സതം.

 

ട്രംപ് വിരുദ്ധ വികാരം ശക്തമായ അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ അർദ്ധസഹോദരനും തോൽവി. സിൻസിനാറ്റി മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോറി ബോമാനാണ് പരാജയപ്പെട്ടത്. ഇന്ത്യൻ വംശജനായ അഫ്താബ് പുരേവാലിനോടാണ് തോൽവി ഏറ്റുവാങ്ങിയത്.

 

ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിലെ (BARC) ശാസ്ത്രജ്ഞനാണെന്ന് നടിച്ച് ഇറാനിയൻ കമ്പനികളെ കബളിപ്പിക്കാൻ ശ്രമിച്ച 60-കാരൻ ഉൾപ്പെടെ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ സഹകരണം , ഗവേഷണ പങ്കാളിത്തം എന്നീ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

 

 

ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതുപോലെ ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു.

 

ഹരിയാനയിൽ ബി ജെ പി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ വ്യാപക വോട്ട് ക്രമക്കേട് നടത്തിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നുവെന്നാണ് തെളിവുകൾ നിരത്തിയുള്ള വാർത്ത സമ്മേളനത്തിലെ ആരോപണം. ഹരിയാനയിൽ പോൾ ചെയ്തതിൽ എട്ടിൽ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുലിന്‍റെ വാദം.

 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആരോപണവുമായി ടിവികെ നേതാവ് വിജയ്. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചത്? തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു.

 

 

ചരിത്രപരമായ ന്യൂയോർക്ക് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സോഹ്റാൻ മംദാനി വിജയം പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി തെരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹം ന്യൂയോർക്കുകാർക്ക് നന്ദി പറഞ്ഞു. പുതിയ ന്യൂയോർക്ക് തലമുറയ്ക്ക് നന്ദി. ഞങ്ങൾ നിങ്ങൾക്കുവേണ്ടി പോരാടും, കാരണം ഞങ്ങൾ നിങ്ങളാണ്. ഭാവി നമ്മുടെ കൈകളിലാണ്, വിജയാഘോഷത്തിനിടെ മംദാനി പറഞ്ഞു.

 

അമേരിക്കയിലെ കെന്റക്കിയിലെ വിമാനാപകടത്തിൽ ഏഴ് പേ‍ർ കൊല്ലപ്പട്ടതായി റിപ്പോർട്ട്. 11 ലേറെ പേർക്കാണ് പരിക്കേറ്റത്. കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കെന്റക്കി ഗവർണർ ആൻഡ്രൂ ഗ്രഹാം ബെഷിയർ വിശദമാക്കുന്നത്.

 

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയ്ബ (LeT), ജെയ്‌ഷെ മുഹമ്മദ് (JeM) തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരായി സംഘടിത ആക്രമണ പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട്, പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വര്‍ധനവുണ്ടായതായി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

 

ഇന്ത്യയുടെ ആസ്തി വീണ്ടെടുക്കൽ സംവിധാനത്തിന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സി(എഫ്എടിഎഫ്)ന്റെ അഭിനന്ദനം. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നൽകുന്നതും തടയാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആഗോള നിരീക്ഷണ സമിതിയായ എഫ്എടിഎഫ് അംഗരാജ്യങ്ങൾക്കിടയിലെ ഏറ്റവും ഫലപ്രദമായ സംവിധാനമാണിതെന്നും വിശേഷിപ്പിച്ചു.

 

മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താന്‍ ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സുപ്രധാന നീക്കമായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *