പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിറപറയെ ഏറ്റെടുത്തതോടെ, പാക്കേജ് ഫുഡ്, സ്‌പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനമാണ് വിപ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാന്‍ഡാണ് നിറപറ. പാക്കേജ് ഫുഡ്‌സ്, സ്‌പൈസസ് വിഭാഗത്തില്‍ മുന്‍നിരയിലെത്താന്‍ വിപ്രോയെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഏറ്റെടുക്കല്‍. നിലവില്‍, നിറപറയുടെ 63 ശതമാനം ബിസിനസ്സ് കേരളത്തില്‍ നിന്നാണ്, 8 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബാക്കി 29 ശതമാനം അന്താരാഷ്ട്ര വിപണികളില്‍ നിന്നും, പ്രധാനമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. ഫേഷ്യല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ വിപണിയിലെത്തിക്കുന്നത്.